ജീവിതത്തിലെ മറക്കാൻ ആകാത്ത അനുഭവങ്ങൾ, കണ്ട കാഴ്ചകൾ, ഉണ്ടായ സങ്കടങ്ങള്‍, അനുഭവിച്ച സന്തോപ്രദമായ ഓർമ്മകൾ ഇവയേല്ലാം പകർത്തി ജീവിതം ആകുന്ന യാത്രയുടെ അവസാനങ്ങളിൽ അതൊരു കാഴ്ചയായി നമ്മളുടെ മുന്‍പില്‍ നില്ക്കുമ്പോള്‍ ഫോട്ടോഗ്രാഫി എന്ന കലയുടെ മഹാത്മ്യം മനസ്സിലാക്കുന്നത്. സ്വയം പ്രകടിപ്പിക്കുമ്പോൾ ആണ് ഫോട്ടോഗ്രാഫി അര്‍ത്ഥവത്താകുന്നത്. ഓരോ ഫോട്ടോഗ്രാഫി യാത്രയും പുതുമയുള്ളതായിരിക്കണം അത് ഒഴുകുന്ന പുഴ പോലെ പുതിയ ജലത്തിനായി തുടിക്കുന്നതായിരിക്കണം.
ഒരു പുഞ്ചിരി മതി മനുഷ്യ മനസ്സിനെ മാറ്റി മറിക്കാന്‍ . ഫോട്ടോഗ്രഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം :200 mm , അപ്പര്‍ച്ചര്‍ : f/2.8, ഷട്ടറിന്റെ വേഗത : 1/800 സെക്കന്റ്സ്, ഐ .എസ്.ഒ : 200
ഒരിക്കൽ ഒരു ഫോട്ടോഗ്രാഫറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറയുകയുണ്ടായി. “എന്നേക്കാൾ കൂടുതൽ യാത്ര ചെയ്യുകയ്യും വ്യക്തിപരമായി ഞാൻ ഒരിക്കലും കാണാത്ത കാര്യങ്ങൾ ഫോട്ടോയെടുക്കുകയും ചെയ്ത ഒരാളെ കണ്ടുമുട്ടുന്നത് പോലെ ഹൃദയസ്പർശിയായ ഒന്നും തന്നെയില്ല, എന്നിട്ടും അവർ എപ്പോഴും വിനീതരാണ്, അവരുടെ അനുഭവങ്ങൾ പങ്കിടാനും പഠിച്ച കാര്യങ്ങൾ പഠിപ്പിക്കാനും അവർ തയ്യാറാണ്.”
നമ്മള്‍ ചെയ്തതെന്താണെന്ന് നോക്കാൻ, അതിന് വേണ്ടി സമയം ചെലവഴിക്കാൻ പര്യാപ്തമായ ഒരു വ്യക്തിത്വം സൃഷ്ടിക്കാൻ നമ്മള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കണ്ടതായിട്ട് ഉണ്ട്. ഫോട്ടോഗ്രാഫി ലക്ഷ്യങ്ങൾ എത്ര വലുതായാലും ചെറുതായാലും നമ്മളുടെ പെരുമാറ്റമാണ് അതിലേക്ക് കുടുതൽ അടുപ്പിക്കുന്നത്.
ഒരിക്കൽ ഒരു വിദ്യാർത്ഥി പറയുകയുണ്ടായി പഠിക്കുക എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ജീവിതത്തിന് ഒരു പ്രതീക്ഷയുണ്ടങ്കിൽ, ഒരു നിയോഗമുണ്ടെങ്കിൽപഠിക്കുക എന്നത് മികച്ചതാകും, ഫോട്ടോഗ്രാഫി നമ്മള്‍ക്ക് ആ ലക്ഷ്യബോധം നൽകണം.
ഫോട്ടോഗ്രാഫി സൃഷ്ടിപരമായ പൂർത്തീകരണം അഥവാ കലാപരമായി നമ്മളെ തന്നെ പ്രകടിപ്പിക്കാൻ സഹായിക്കുന്നു, അതൊരു അത്ഭുതകരമായ കാര്യമാണ്. കാരണം സർഗ്ഗാത്മകത ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
പ്രശസ്ത ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫർ അൻസൽ ആഡംസ് ഒരിക്കൽ പറഞ്ഞു “എവിടെ നിൽക്കണമെന്ന് അറിയുന്നതാണ്, ഒരു നല്ല ചിത്രം”
ഏതൊരു നല്ല ബന്ധത്തിനും പങ്കിടല്‍ അത്യാവശ്യമാണ്. ഫോട്ടോഗ്രാഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം : 400 mm , അപ്പര്‍ച്ചര്‍ : f/5.6 , ഷട്ടറിന്റെ വേഗത : 1/800 സെക്കന്റ്സ്, ഐ .എസ്.ഒ : 800
എന്താണ് ഫോട്ടോഗ്രഫി?
ഫോട്ടോഗ്രാഫി കലയെയും ആത്മാവിനെയും കുറിച്ചുള്ള ഉൾക്കാഴ്ചയാണ്, ഫോട്ടോഗ്രാഫിയുടെ അർത്ഥമെന്തന്ന് കണ്ടെത്തുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്.
സെൻസർ അഥവാ ഫോട്ടോഗ്രാഫി ഫിലിം എന്നു വിശേഷിപ്പിക്കുന്ന പ്രകാശ സംവേദനാക്ഷമതയുള്ള പ്രതലത്തിൽ പ്രകാശമോ മറ്റ് വൈദ്യുതകാന്തിക വികിരണങ്ങളോ കൊണ്ട് വിഷയത്തെ പകർത്തുന്നതിലൂടെ ശാശ്വതമായ ചിത്രങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയ ചെയ്യുന്നതിനുള്ള കല, പ്രവർത്തനം, പരിശീലനം എന്നിവയാണ് ഫോട്ടോഗ്രാഫി.
കുറച്ചുകൂടി ലളിതമായ ഭാഷയിൽ പറഞ്ഞാൽ സംവേദനാക്ഷമതയുള്ള വസ്തുവിെന്റ് സഹായത്താൽ ഒരു വിഷയത്തിന്റെയോ രംഗത്തിെന്റയോ ചിത്രം പകർത്തിയെടുക്കുന്ന പ്രക്രിയയാണ് ഫോട്ടോഗ്രാഫി.
ഫോട്ടോഗ്രാഫി എന്ന വാക്ക് പ്രകാശം കൊണ്ടുള്ള വര എന്നർത്ഥം വരുന്ന ഗ്രീക്ക് പ്രയോഗമായ ഫോസ്, ഗ്രാഫോ എന്നിങ്ങനെയുള്ള രണ്ടു വാക്കുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.
1839 മാർച്ച് 14 ന് റോയൽ സൊസൈറ്റിയിൽ സമർപ്പിച്ച പേപ്പറിൽ ജോൺ ഹെർഷൽ ആദ്യമായി “ഫോട്ടോഗ്രാഫി” എന്ന പദം ഉപയോഗിച്ചു.
ഫോട്ടോഗ്രാഫിയിലെ പ്രധാന ഘടകങ്ങൾ
ചിത്രകലയിൽ നിന്നാണ് ഫോട്ടോഗ്രാഫി തുടക്കം കുറിച്ചത്. ഒരു ചിത്രം എടുക്കുന്നത് മുതൽ അത് കാഴ്ചക്കാരന്റെ കൈയിൽ എത്തുന്നതു വരെ ചിത്രത്തിന്റ ഉത്ഭവത്തിനുള്ള പ്രക്രിയയിൽ പല ഘടകങ്ങൾ ഉണ്ട്.
ഒരു ഭക്ഷണം എങ്ങനെ ഉണ്ടാക്കുന്നു എന്ന് അറിയാത്തവരായി വളരെ ചുരുക്കം ആൾക്കാരെ ഉണ്ടാകുകയുള്ളു. ഭക്ഷണ സാധനങ്ങൾ വാങ്ങുന്നത് മുതൽ നമ്മളുടെ മുന്നിൽ ഭക്ഷ്യയോഗ്യമായി എത്തുന്നത് വരെ നടക്കുന്ന പ്രക്രിയ പോലെ തന്നെയാണ് ഒരു ചിത്രത്തിന്റ ഉത്ഭവവും. എന്നും കഴിക്കുന്ന ഭക്ഷണം ഒരേ രീതിയിലാകുമ്പോൾ അത് രുചിയെ ബാധിക്കുന്നു. വ്യത്യസ്തമല്ലാത്ത ഒരു ഫോട്ടോഗ്രാഫിയുടെ വിഷയം കാഴ്ചക്കാരനെ വിരസമാക്കുന്നു. പാചകക്കാരനെ ഫോട്ടോഗ്രാഫർ ആയി സങ്കൽപ്പിക്കുക. ഭക്ഷണം ഉണ്ടാക്കുന്ന പാത്രം (കല്ല്) ക്യാമറ അഥവാ സെൻസർ (പ്രകാശവിധേയമാക്കപ്പെടുന്ന പ്രതലം) ആയി അനുമാനിക്കുക.
ഒരേ ദോശകല്ലിൽ ഉണ്ടാക്കുന്ന ദോശകള്‍ ഒരു പോലെ ഇരിക്കണം എന്നില്ല. അടുപ്പിൽ നിന്ന് വരുന്ന തീജ്വാലയുടെ തീവ്രതക്കും അളവിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ചിലപ്പോൾ തീജ്വാലയുടെ തീവ്രതയോ പാചകക്കാരന്റ ശ്രദ്ധയില്ലായ്‌മയോ ഭക്ഷണം കരിഞ്ഞു പോകുവാനും വേവാതിരിക്കുവാനും കാരണമാകുന്നു. തീജ്വാലയുടെ തീവ്രതയെ ഷട്ടർ സ്പീഡായും ഗ്യാസ് കുഴലിന്റെ അറ്റത്തുള്ള ലോഹക്കഷണം അത് അപ്പാർച്ചർ ആയും സങ്കൽപ്പിക്കുക.
ഒരു നല്ല ഭക്ഷണം ഒരു നല്ല ചിത്രവുമായി എത്ര ബന്ധപ്പെട്ടുകിടക്കുന്നു. നല്ല ഭക്ഷണം ഒരു നല്ല പാത്രത്തിൽ പാചകം ചെയ്യുന്നതിന്റെ പരിണിതഫലം മാത്രം അല്ല, അത് പാചകക്കാരന്റ കഴിവും ശൈലിയും ആണ്. ഒരു നല്ല ചിത്രം നിർമ്മിക്കുക എന്നത് ക്യാമറയുടെ മാത്രം ഫലമല്ല, അത് ഫോട്ടോഗ്രാഫറുടെ തീരുമാനവും കഴിവും ശൈലിയും ആണ്. നല്ല ഭക്ഷണം ഉണ്ടാക്കാൻ പല ഘടകങ്ങൾ ആവശ്യമായിരിക്കുന്നതുപോലെ ഒരു നല്ല ചിത്രം നിർമ്മിക്കുന്നതിനും പല ഘടകങ്ങളും അത്യവിശ്യമാണ്.
ഫോട്ടോഗ്രാഫർ
ഫോട്ടോഗ്രാഫി പകർത്തുന്ന വ്യക്തിയാണ് ഫോട്ടോഗ്രാഫർ. എന്നാൽ അത് സാധാരണമാകുമ്പോൾ ഫോട്ടോഗ്രാഫർക്ക് ശരിയായ ഒരു നിർവചനം കണ്ടെത്തുക എന്നത് നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇപ്പോൾ ക്യാമറ ഉള്ള എല്ലാവരും ഒരു ഫോട്ടോഗ്രാഫർ ആണ്. അതുകൊണ്ട് ചിത്രങ്ങൾ എടുക്കുന്ന ഒരാളെ ഫോട്ടോഗ്രാഫർ എന്ന് വിളിക്കുന്നു. എന്നാൽ ഫോട്ടോഗ്രാഫിക്ക് ഒരു ശരിയായ നിർവചനം കണ്ടെത്തുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു .
ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുകയോ റെക്കോർഡുചെയ്യുകയോ ചെയ്യുന്ന വ്യക്തിയെ ഫോട്ടോഗ്രാഫർ എന്നു വിളിക്കാം. എന്നിരുന്നാലും കുറച്ചും കൂടി ആഴത്തിൽ പറയുകയാണെങ്കിൽ പ്രപഞ്ചമാകുന്ന സൗന്ദര്യത്തെ ആസ്വദിച്ച്, ജീവിതം പൂർണ്ണമായും വ്യക്തമായും അനുഭവിക്കുകയും, ക്ഷണികമായ നിമിഷങ്ങൾ കൃത്യതയോടെയും, സമർഥമായും പകർത്തുവാനും കഴിയുന്ന ഒരു വ്യക്തിയെ ഫോട്ടോഗ്രാഫർ എന്ന് വിളിക്കുന്നു.
ഏത് പ്രായപരിധിയിലുള്ളതായാലും പുരുഷനോ സ്ത്രീയോ ആണെങ്കിലും ചിത്രം പകർത്തുന്ന വ്യക്തിയെ ഒരു ഫോട്ടോഗ്രാഫർ എന്ന് വിളിക്കുന്നു. എന്നാൽ ചില സമയങ്ങളിൽ പുരുഷനെ “ഫോട്ടോഗ്രാഫർ” എന്നും, സ്ത്രീകളെ “ലേഡി ഫോട്ടോഗ്രാഫർ” എന്നും വിളിക്കുന്നു
നിശ്ചല ചിത്രങ്ങൾ നിർമ്മിക്കുന്ന ഫോട്ടോഗ്രാഫറെ “സ്റ്റിൽ ഫോട്ടോഗ്രാഫർ” എന്ന് വിളിക്കുന്നു. ചലിക്കുന്ന ചിത്രങ്ങൾ പകർത്തുന്ന ഒരാളെ വാണിജ്യ സന്ദർഭത്തിനനുസരിച്ച് “ഛായാഗ്രാഹകർ, വീഡിയോഗ്രാഫർമാർ അല്ലെങ്കിൽ ക്യാമറ ഓപ്പറേറ്റർമാർ” എന്ന് വിളിക്കുന്നു.
എത്ര ക്യാമറകൾ, ലെൻസുകൾ, അവാർഡുകൾ അല്ലെങ്കിൽ എത്ര പുസ്‌തകങ്ങൾ എഴുതി എന്നതിനെ അടിസ്ഥാനമാക്കിയോ, സോഷ്യൽ മീഡിയയിൽ എത്ര ലൈക്കുകൾ നേടുന്നു എന്നതിനെ ആശ്രയിച്ചോ അല്ലാ, മറിച്ച് അവരുടെ ഫോട്ടോകൾ എത്രമാത്രം വ്യക്തിപരമായ സംതൃപ്തി നൽകുന്നു അഥവാ അവരുടെ തൊഴിലിനെ അടിസ്ഥാനമാക്കി നമ്മുക്ക് ഒരു ഫോട്ടോഗ്രാഫറെ രണ്ടായി തിരിക്കാം.
അമേച്വർ ഫോട്ടോഗ്രാഫർ
കലയോടുള്ള അഭിനിവേശത്തോടുകൂടി ഒരു ചിത്രം വിനോദത്തിനോ, ജ്ഞാനത്തിനോ, ഓർമ്മയിൽ സൂക്ഷിക്കാനോ അതായത് സ്വന്തം ഉപയോഗത്തിനായി മറ്റുള്ളവർക്ക് വിൽക്കാൻ ഉദ്ദേശ്യമില്ലാതെ ഒരു പ്രത്യേക വ്യക്തിയുടെയോ, സ്ഥലത്തിന്റെയോ, വസ്തുവിന്റെയോ, വിഷയത്തിെന്റയോ ചിത്രങ്ങൾ എടുക്കുന്ന കലാകാരനെ അമേച്വർ ഫോട്ടോഗ്രാഫർ എന്നു വിളിക്കുന്നു.
ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് സമ്മാനിച്ചിരിക്കുന്നു , അതിനാല്‍ നല്ല ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പ്രായപരിധിയില്ല . ഫോട്ടോഗ്രാഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം : 248 mm ,അപ്പര്‍ച്ചര്‍ : f/5.6 , ഷട്ടറിന്റെ വേഗത : 1/640 സെക്കന്റ്സ് , ഐ.എസ്.ഒ : 800
ഒരിക്കൽ എന്നോട് ഒരു വിദ്യാര്‍ത്ഥി ചോദിച്ചു “സാർ, അങ്ങയുടെ ഒരു നല്ല ചിത്രം എടുത്തോട്ടെ”
അപ്പോൾ ഞാൻ പറഞ്ഞു. “എന്നെക്കുറിച്ച് അറിയാമെങ്കിൽ എന്റെ കാഴ്ചപ്പാട് അറിയാമെങ്കിൽ എന്റ്റെ ഒരു നല്ല ചിത്രവും നിങ്ങൾക്ക് എടുക്കാം”.
വളരെയധികം പരിശ്രമവും അർപ്പണബോധവും കഠിനാധ്വാനവും ആവശ്യം ഉള്ള ഒരു കലയാണ് ഫോട്ടോഗ്രാഫി. ഫോട്ടോഗ്രാഫിയെ ഒരു കലയായും പ്രൊഫഷണൽ ആയി കാണുമ്പോള്‍, ഒരു ചിത്രം മുല്യമുള്ള കലയായി മാറുന്നത്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫർ
ഒരു പ്രത്യേക വ്യക്തിയുടെയോ, സ്ഥലത്തിന്റെയോ, വസ്തുവിന്റെയോ, വിഷയത്തിെന്റയോ, രംഗത്തിെന്റയോ ചിത്രങ്ങൾ മുഴുവൻ സമയമായിട്ടുള്ളതോ, താത്‌ക്കാലികാടിസ്ഥാനത്തിലോ, കരാറിലോ ഉള്ള തൊഴിലിന്റെ ഭാഗമായി സ്വന്തം ഉപയോഗത്തിന് അല്ലാതെ മറ്റുള്ളവർക്ക് വിൽക്കാനോ, പുനർവിൽപ്പന നടത്താനോ അതുവഴി സ്വന്തം ഉപജീവനം മാർഗം നേടുന്ന കലാകാരനെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എന്നു വിളിക്കുന്നു.
ഫോട്ടോഗ്രാഫർമാർ ഓർമ്മകൾ സൃഷ്ടിക്കുകയും പ്രത്യേക നിമിഷങ്ങൾ അവിസ്മരണീയമാക്കുകയും ചെയ്യുന്നു.
ഒരു ഫോട്ടോഗ്രാഫർക്ക് ഒരു പ്രത്യേക വ്യക്തിയെന്നോ, സ്ഥലമേന്നോ, വസ്തുവെന്നോ, വിഷയമെന്നോ, രംഗമെന്നോ ഇല്ല. അവയ്ക്ക് ഏതു നിറമോ വെളിച്ചമോ തണലോ ആകട്ടെ. അവൻ അതിൽ ആവേശം കണ്ടെത്തുന്നു.
പലചരക്ക് കടയിലായാലും മാളിലായാലും സ്വന്തം വീട്ടിലായാലും, അവൻ സ്വയം പുതുമ കണ്ടെത്തുന്നതിലൂടെയും സ്വയം പുതുക്കുന്നതിലൂടെയും ശുഭാപ്തിവിശ്വാസവും സൗന്ദര്യവും കണ്ടെത്തുന്നു. എല്ലാവരും ഇന്ന് ഒരു ഫോട്ടോഗ്രാഫറാണ്, ആർക്കും ഒരു ഫോട്ടോഗ്രാഫർ ആകാം എന്ന് ചിന്തിക്കുന്ന കാലത്ത്. ലോകത്തിെന്റ സങ്കീർണ്ണതകളും സവിശേഷതകളും വിവേകശൂന്യതയും ദൃശ്യപരമായി മനസ്സിലാക്കാൻ പ്രാപ്തനാകുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ കടമ.
എന്നിരുന്നാലും ഫോട്ടോഗ്രാഫിയുടെ കലാപരമായ വശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടാപ്പം അവൻ ചിത്രീകരിക്കാൻ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളിലും ക്യാമറയിലും അറിവ് ഉണ്ടാകുക എന്നത് പ്രധാമാണ്.
ഫോട്ടോഗ്രാഫി ജോലി
ഒരു ഫോട്ടോഗ്രാഫർ സ്റ്റുഡിയോയ്ക്കുള്ളിലും പുറത്തും ഒരുപോലെ ജോലിചെയ്യാൻ കഴിവുള്ളവനായിരിക്കണം.
മിക്ക ഫോട്ടോഗ്രാഫർമാരും സ്ഥിരമായോ, താത്ക്കാലികാടിസ്ഥാനത്തിലോ, കരാറിലോ മാർക്കറ്റിംഗ് വകുപ്പുകളിലോ, മാധ്യമ സ്ഥാപനങ്ങളിലോ ജോലിചെയ്യുന്നു. ചിലരാകട്ടെ പരസ്യങ്ങളിലോ എഡിറ്റോറിയൽ ആവശ്യങ്ങൾക്കോ മോഡലുകൾ അല്ലെങ്കിൽ വസ്തുക്കൾ എന്നിവ ഷൂട്ട് ചെയ്യുന്നു. മറ്റു ചിലരാകട്ടെ ഫോട്ടോഗ്രാഫിയിൽ വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവ പകർത്തുന്നു.
എന്നാൽ മറ്റ് വ്യവസായങ്ങൾക്കും ഫോട്ടോഗ്രാഫർമാരുടെ സഹായം ആവശ്യമായി വന്നേക്കാം, അത് പിന്നീട് ആധാരമായി (ഉദാ. ശാസ്ത്ര സമൂഹം, പുരാവസ്തു) അല്ലെങ്കിൽ തെളിവായി (ഉദാ. നിയമം അല്ലെങ്കിൽ നിയമ നിർവ്വഹണ വിദഗ്ധർക്കായി) പ്രവർത്തിക്കും.
വിഷയം
താൽപ്പര്യങ്ങൾ, ലൊക്കേഷനുകൾ, സംസ്കാരങ്ങൾ, യാത്രകൾ, ഭാഷകൾ എന്നിവയിലൂടെ വേർതിരിക്കപ്പെട്ട ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി ഫോട്ടോഗ്രാഫി ആളുകളുമായി നമ്മളെ ബന്ധിപ്പിക്കുന്നു. അങ്ങനെ ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ആളുകളെക്കുറിച്ചും ധാരാളം കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നു.
പത്രപ്രവര്‍ത്തന ഫോട്ടോഗ്രഫി
ആർക്കിറ്റെക്ചർ ഫോട്ടോഗ്രഫി
ഫുഡ് ഫോട്ടോഗ്രഫി
മെഡിക്കല്‍ ഫോട്ടോഗ്രഫി
സ്പോര്‍ട്സ് ഫോട്ടോഗ്രഫി
ഓട്ടൊമൊട്ടീവ് ഫോട്ടോഗ്രഫി
വന്യജീവി ഫോട്ടോഗ്രഫി
പ്രോഡക്റ്റ് ഫോട്ടോഗ്രഫി
ഫോട്ടോഗ്രാഫി വ്യക്തിയുടെയോ, സ്ഥലത്തിന്റെയോ, വസ്തുവിന്റെയോ, വിഷയത്തിെന്റയോ, രംഗത്തിെന്റയോ അടിസ്ഥാനത്തിൽ പലതായി തരം തിരിക്കാം. വിവാഹത്തെ (Wedding), പത്രപ്രവർത്തനത്തെ (Photojournalism), ഫാഷന്‍ (Fashion), കുറ്റകൃത്യങ്ങളേ (Forensic), യാത്രയെ (Travel), വന്യജീവികളെ (Wildlife), ഫുഡിനെ (Food), ഉൽപ്പന്നത്തെ (Product), മെഡിക്കലിനെ (medical), ആർക്കിറ്റെക്ചർ (Architecture), ലാന്‍ഡ്‌സ്കേപ്പ്, എന്നിങ്ങനെ ഫോട്ടോഗ്രാഫി പലതരത്തിൽ വ്യാപിച്ചു കിടക്കുന്നു.
പ്രകാശം
വെളിച്ചമാണ് ഫോട്ടോഗ്രാഫി സാധ്യമാക്കുന്നത്. നമ്മള്‍ക്ക് ഒരു വിഷയത്തിെന്റ് ഫോട്ടോ എടുക്കാൻ കഴിയുന്നതിന്, പ്രകാശം പ്രതിഫലിപ്പിക്കുന്നതിലൂടെയോ അല്ലെങ്കിൽ അത് പുറപ്പെടുവിക്കുന്നതിലൂടെയോ ഏതെങ്കിലും തരത്തിൽ സംവദിക്കേണ്ടതുണ്ട്. ഫോട്ടോഗ്രാഫിയിലൂടെ ഒരു വിഷയത്തെ കുറിച്ച് കഥ പറയാൻ കഴിയും. എങ്കിലും ചിത്രങ്ങൾ എന്തൊക്കെയാണ് ചിത്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിൽ, കാഴ്ചക്കാരൻ അതിൽ നിന്നും സ്വന്തം കഥകൾ സൃഷ്ടിക്കും.
മികച്ച ഫോട്ടോഗ്രാഫർ ഒരു ചിത്രം രചിക്കുകയാണ്. പ്രകാശം അതിന്റെ ഭാഷയാണ്. വെളിച്ചം വ്യാപിച്ച് കിടക്കുന്നു. അത് നമ്മളുടെ കാഴ്ച മങ്ങുകയോ, അന്ധനാക്കുകയോ ചെയ്യുന്നില്ലെങ്കിൽ ബാക്കിയുള്ള സമയങ്ങളിൽ ഭൂരിഭാഗവും വെളിച്ചം കാഴ്ചയിൽ നിറഞ്ഞ് നിൽക്കുന്നു. അതിനാൽ അധികം ശ്രദ്ധിക്കുന്നില്ല. പക്ഷേ വിജയകരമായ ഒരു ഫോട്ടോ നിർമ്മിക്കാൻ നമ്മൾക്ക് പ്രകാശത്തിന്റെ ഗുണങ്ങളും അവ നമ്മളുടെ ചിത്രങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും മനസിലാക്കേണ്ടതുണ്ട്.
ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം, വെളിച്ചം രണ്ട് വിഭാഗങ്ങളായി വരുന്നു.
1. പ്രകൃതിദത്തവും
2. കൃത്രിമവും
പ്രകൃതിദത്ത പ്രകാശം സാധാരണയായി സൂര്യൻ ഉൽപ്പാദിപ്പിക്കുന്നു. പ്രകൃതിദത്ത ഉറവിടങ്ങളിൽ നിന്നാണെങ്കിലും അവയ്ക്ക് വ്യത്യസ്ത സ്വഭാവസവിശേഷതകളുണ്ട്. സൂര്യപ്രകാശത്തിന്റെ സമയത്തിനനുസരിച്ച് നിറവും നിഴലും വ്യത്യസ്തമായിരിക്കും
ഉദാഹരണത്തിന്, പ്രഭാത സൂര്യപ്രകാശം മൃദുവായ നിഴലുകൾ സൃഷ്ടിക്കുകയും, അതേസമയം ഉച്ചയ്ക്ക് സൂര്യൻ നേരിട്ട് പ്രത്യക്ഷപ്പെടുകയും ഇരുണ്ട നിഴലുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ സൂര്യോദയത്തിേലയും, അസ്തമയത്തിലേയും, പകൽ സമയത്തെയും പ്രകാശത്തിന്റ വർണ്ണങ്ങൾ വ്യത്യസ്‌തമായിരിക്കുന്നു.
കൃത്രിമ വെളിച്ചം, തീർച്ചയായും മനുഷ്യർ സൃഷ്ടിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രകാശമാണ്. ഇത് നമ്മളുടെ വീട്ടിൽ നിന്ന് വരുന്ന വെളിച്ചം മുതൽ അത്യാധുനിക സ്റ്റുഡിയോ ഉപകരണങ്ങളിൽ നിന്ന് വരെയാകാം.
വിവിധതരം കൃത്രിമ പ്രകാശത്തിനും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉണ്ടാകും. കൃത്രിമ വെളിച്ചത്തിെന്റ സ്വഭാവസവിശേഷതകൾക്ക് അനുസരിച്ച് പ്രകാശത്തിെന്റ നിറവും തീവ്രതയും വ്യത്യസ്തമായിരിക്കും.
പ്രകാശത്തിലെ ഈ വ്യത്യാസങ്ങൾക്ക് എല്ലാം പിന്നിൽ ഒരു ശാസ്ത്രമുണ്ട്, കൂടാതെ പ്രകാശ സവിശേഷതകളുടെയും ഗുണങ്ങളുടെയും അടിസ്ഥാനകാര്യങ്ങൾ മനസിലാക്കുന്നത് മികച്ച ഫോട്ടോഗ്രാഫുകൾ നിർമ്മിക്കാൻ നമ്മളെ സഹായിക്കും.
ക്യാമറ
ക്യാമറ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയുന്ന ഫോട്ടോഗ്രാഫർമാരിൽ നിന്നാണ് മികച്ച ഫോട്ടോഗ്രാഫുകൾ വരുന്നത്. ഒരു വിദഗ്ധ ഫോട്ടോഗ്രാഫർ സമയമെടുത്തു മാനുവൽ വായിക്കാനും, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി എടുക്കുവാനും ശ്രമിക്കുന്നു. എല്ലാത്തിനുമുപരി, നമ്മളുടെ ക്യാമറ എന്തു ചെയ്യണമെന്ന് അറിയില്ലെങ്കിൽ , അതുകൊണ്ട് നമ്മൾക്ക് എന്തു പ്രയോജനം?
പുതിയതായി പുറത്തിറങ്ങുന്നതോ, മികച്ചതോ, വിലയേറിയതോ ആയ ക്യാമറ വാങ്ങുന്നതുകൊണ്ട് ഒരു വ്യക്തിയേയും പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകണമെന്നില്ല, മറിച്ച് ഒരു മോശം ക്യാമറയിൽ നിന്നും മികച്ച ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയുകയില്ല എന്നും അല്ല.
ഒരു ഫോട്ടോഗ്രഫർ പകർത്തുവാൻ ആഗ്രഹിക്കുന്ന നല്ല പശ്ചാത്തലം കണ്ടാൽ അതിലേക്ക് ഓടുന്നു. ഇരുണ്ട മുറിയായിരിക്കാം, ചിലപ്പോൾ ക്യാമറ കൈയിൽ പിടിച്ചിരിക്കുകയായിരിക്കും. ക്യാമറ ആ നിമിഷം ശരിയായി പ്രവൃത്തിച്ചിരിക്കാം, ഇല്ലായിരിക്കാം. നമ്മളുടെ ക്യാമറയെ സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടുത്തണമെന്നും, ആ നിമിഷത്തിൽ ക്യാമറയെ എങ്ങനെ നിയന്ത്രിക്കണമന്നും അറിയിേല്ലങ്കിൽ നമ്മൾക്ക് ലഭിക്കുന്ന ചിത്രങ്ങൾ മങ്ങിയതായിരിക്കും.
എന്ത് മാറ്റണം, എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ചുള്ള അറിവില്ലയ്മ ഒരു നല്ല ചിത്രം നഷ്ടപ്പെടുന്നതിലേയ്ക്ക് നമ്മളെ നയിക്കാം.
കാലങ്ങൾ എത്ര കടന്നുപോയാലും ഫോട്ടോഗ്രാഫിയെ കുറച്ചു പഠിക്കുവാൻ അല്പം സമയം നീക്കി വയ്ക്കണം. ഫോട്ടോഗ്രാഫി സമൂഹത്തിൽ ആരും മറ്റൊരാളെക്കാൾ മുകളിലല്ല. ഒരു ഡി.എസ്.എല്‍.ആർ സ്വന്തമാക്കുന്നത് ഒരു ഫോട്ടോഗ്രാഫറെ ശ്രേഷ്ഠമാക്കുന്നില്ല. ഒരു പോയിന്റ് ആൻഡ് ഷോട്ട് ക്യാമറ ഉപയോഗിച്ച് മക്കൾ നമ്മളെക്കാൾ നല്ല ചിത്രം എടുത്തേക്കാം. ചിലർക്ക് നല്ല ചിത്രങ്ങൾ എടുക്കുവാൻ ജന്മനാലുള്ള ഒരു കഴിവ് ഉണ്ട്. അത് അയാളെ കുറഞ്ഞ പരിശ്രമം കൊണ്ട് മികച്ച ഫോട്ടോകൾ എടുക്കുന്നതിന് പ്രാപ്തനാക്കുന്നു. പക്ഷേ അവസാനം, ഇത് ഒന്നും നമ്മളെ കൂടുതൽ വലുതാക്കുന്നില്ല.
കോമ്പോസിഷൻ
“കോമ്പോസിഷൻ” എന്ന പദം പെയിന്റിംഗ്, സംഗീതം, നൃത്തം, സാഹിത്യം, എന്നതുപോലെ മറ്റേതൊരു കലയ്ക്കും ബാധകമാണ്. നമ്മുടെ കലാസൃഷ്‌ടി നന്നായി രചിച്ചതാണെങ്കിൽ, അതിന്റെ കാഴ്ചക്കാരനോ ശ്രോതാവിനോ ഉദ്ദേശിച്ച സന്ദേശം മനസിലാക്കാനും അത് അറിയിക്കാനും നമ്മൾ ആഗ്രഹിക്കുന്ന വികാരം അനുഭവിക്കാനും കഴിയും. രചനയുടെ സ്ഥാപിതമായ നിരവധി നിയമങ്ങളുണ്ട്, പക്ഷേ തന്റെ ആശയം ഏറ്റവും മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിനായി കലാകാരന് അവ മാറ്റാനോ രൂപാന്തരപ്പെടുത്താനോ സ്വാതന്ത്ര്യമുണ്ട്.
ഒരു ഫോട്ടോഗ്രാഫർ ഒരു കലാകാരൻ ആണ്. ഒരു കലാകാരന്റെ പ്രവചനാതീതമായ കഴിവ് കാര്യങ്ങൾ വ്യത്യസ്തമായി കാണുന്നതിനും, വ്യത്യസ്തമായി മനസ്സിലാക്കുന്നതിനും, വ്യത്യസ്തമായി ചിന്തിക്കുന്നതിനും പ്രാപ്തനാക്കുന്നു.
ഒരു ചെറിയ നോട്ടം മതി മനസ്സിനെ വേദനിപ്പിക്കാന്‍. ഫോട്ടോഗ്രഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം : 100 mm , അപ്പര്‍ച്ചര്‍ : f/2.8 , ഷട്ടറിന്റെ വേഗത : 1/640 sec.,ഐ.എസ്.ഒ: 100
ഒരു ചിത്രത്തിന്റ ഏറ്റവും രസകരമോ പ്രാധാന്യമുള്ളതോ ആയ മേഖലയിലേക്ക് കാഴ്ചക്കാരന്റെ കണ്ണ് യാന്ത്രികമായി ആകർഷിക്കപ്പെടുന്ന തരത്തിൽ വിഷയത്തിെന്റ ഘടനയെ ക്രമീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് “കോമ്പോസിഷൻ” അഥവാ “രചന” എന്നു പറയുന്നത്.
ഒരു മോശമായ വസ്തുക്കളുടെയോ വിഷയങ്ങളുടെയോ നല്ല കോമ്പോസിഷൻ ചിത്രത്തെ േശ്രഷ്ഠമായ സൃഷ്ടിയിലേക്ക് നയിക്കാം. എന്നാൽ വിഷയം എത്ര രസകരമായിരുന്നിട്ടും ഒരു മോശം രചനയോ ഘടകങ്ങളുടെ ക്രമീകരണമോ ഒരു ഫോട്ടോയെ പൂർണ്ണമായും നശിപ്പിക്കാം.
“രചന” എന്നത് ഒരു കലാസൃഷ്ടിയിൽ ആപേക്ഷിക വസ്‌തുക്കളുടെയും ഘടകങ്ങളുടെയും സ്ഥാനം നിർണ്ണയിക്കുന്നു. തന്മൂലം, ഒരു നല്ല കലാസൃഷ്ടിയുടെ പ്രധാന ആകർഷണം രചനയാണ്. ഏതൊരു കലാകാരനും തന്റെ സൃഷ്ടിയുടെ രചനയ്ക്ക് വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നാൽ വളരെ കുറച്ച് ഘടകങ്ങൾ മോശമായാൽ അത് ശരിയായ വ്യാഖ്യാനത്തെ സാധ്യമാക്കാൻ ആവശ്യമായ വിശദാംശങ്ങളുടെ കലാസൃഷ്ടിയെ കവർന്നെടുക്കുന്നു. ഇത് ഒരു ചിത്രത്തിന്റെ സമതുലനാവസ്ഥ നശിപ്പിക്കുന്നു. നല്ല രചനയ്ക്ക് നല്ല സമതുലനാവസ്ഥ ആവശ്യമാണ്. നമ്മൾ കൈമാറാൻ ശ്രമിക്കുന്ന ആശയത്തിനോ കഥയ്‌ക്കോ നിലവിലുള്ള എല്ലാ ഘടകങ്ങളും ആവശ്യമാണോ എന്നു ഉറപ്പാക്കുന്നത് നല്ലതാണ്.
ഒരു ചിത്രത്തെ പ്രധാന ആശയത്തിനോ ലക്ഷ്യത്തിനോ അനുയോജ്യമായ രീതിയിൽ ഘടകങ്ങൾ ക്രമീകരിക്കുക എന്നതാണ് ഒരു ചിത്രം രചിക്കുക എന്നതിനർത്ഥം. ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളിലും വിഷയങ്ങളിലും ഘടകങ്ങൾ നമ്മള്‍ക്ക് ക്രമീകരിക്കാം.
കണ്ണുകള്‍ ശക്തമാണ് .വലിയ മാറ്റങ്ങള്‍ വരുത്താന്‍ ചില സമയങ്ങളില്‍ നിശബ്ദ് നോട്ടം മതി. ഫോട്ടോഗ്രഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം : 360 mm , അപ്പര്‍ച്ചര്‍ : f/5.6 , ഷട്ടറിന്റെ വേഗത : 1/640 sec.,ഐ.എസ്.ഒ: 800
നിഷ്കളങ്കമായ ഹൃദയങ്ങള്‍ അനുഗ്രഹമാണ് , കാരണം അവര്‍ ഓരോ നിമിഷവും ആസ്വദിക്കുന്നു .അവര്‍ക്ക് ആശങ്കകളും സമ്മര്‍ദ്ദവുമില്ല . ഫോട്ടോഗ്രഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം : 214 mm , അപ്പര്‍ച്ചര്‍ : f/5.6 , ഷട്ടറിന്റെ വേഗത : 1/800 sec.,ഐ.എസ്.ഒ: 800
പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി ഇതിന് ഒരു മികച്ച ഉദാഹരണം ആണ്. ഫോട്ടോഗ്രാഫർക്ക് തെരുവിൽ ചലിച്ചു കൊണ്ടിരിക്കുന്ന വൃക്തി അഥവാ വിഷയത്തെ സ്വയം ക്രമീകരിക്കാനുള്ള അവസരം ഇല്ല, പക്ഷേ അവർ ഫ്രെയിമിനുള്ളിൽ ഏറ്റവും അനുയോജ്യമായ സ്ഥാനം സ്വീകരിക്കുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മൾ നിൽക്കുന്ന സ്ഥാനം മാറ്റി ക്യാമറയിൽ ഘടകങ്ങളെ ക്രമീകരിക്കുക എന്നതാണ് മറ്റൊരു മാർഗം.ഒരു നല്ല ചിത്രത്തിന്റ സംയോജനത്തിന് ഫോക്കൽ ലെങ്ത്, അപ്പർച്ചർ, ആംഗിൾ, ഫോക്കസ്, എന്നിങ്ങനെ പല ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ലളിതമായ ആകൃതികൾ, ടോണുകൾ, ഷാഡോകൾ, ഹൈലൈറ്റുകൾ, നിറങ്ങൾ എന്നിവയെല്ലാം രചനയുടെ ശക്തമായ ഘടകങ്ങളാണ്. പരിചയസമ്പന്നനായ ഒരു ഫോട്ടോഗ്രാഫർ ആവശ്യമുള്ള ഫലം നേടാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. മുൻഭാഗത്തോ പശ്ചാത്തലത്തിലോ ഉള്ള ഫോക്കസിംഗ് ചിത്രത്തിന്റെ മൊത്തത്തിലുള്ള രചനയ്ക്ക് വഹിക്കുന്ന പങ്ക് നിരാകരിക്കാന്‍ കഴിയില്ല.
ഒരു ചിത്രം രചിക്കുന്നത് ക്രമേണ വളരെ സ്വാഭാവിക പ്രക്രിയയായി മാറുന്നു. മതിയായ പരിശീലനത്തിലൂടെ ഘടകങ്ങളുടെ സ്ഥാനത്തെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതില്ല. നമ്മളുടെ ഉപബോധമനസ്സ് നമ്മൾക്കായി അത് ചെയ്യും. നമ്മളുടെ കണ്ണ് അടിസ്ഥാനഘടകത്തിലേയ്ക്ക് നയിക്കുകയും നമ്മളുടെ വിരലുകളെ ശരിയായി ഡയൽ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഒരു ചിത്രം എടുത്തതിന് ശേഷം ക്രോപ്പിംഗിലുടെ ചില ഭാഗങ്ങൾ നീക്കംചെയ്തു ക്രമീകരിച്ചും പ്രധാനപ്പെട്ട ഘടകങ്ങളിലേക്ക് കാഴ്ചക്കാരന്റെ കണ്ണിനെ എത്തിച്ച് കോമ്പോസിഷന് ഒരു ശരിയായ പരിഹാരം കണ്ടെത്താൻ കഴിയും. പക്ഷെ അത് അത്ര എളുപ്പമായിരിക്കണം എന്നില്ല. അതുകൊണ്ടാണ് ഒരു ചിത്രം പകർത്തുന്നതിന് മുമ്പ് നമ്മളുടെ കോമ്പോസിഷൻ എങ്ങനെ ആയിരിക്കണം എന്ന് ഒരു ചിന്ത ഉണ്ടായിരിക്കണം.
നമ്മളുടെ അനുഭവസമ്പത്ത്, നമ്മെ മികച്ച ചിത്രങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നു. ഒരു ഫോട്ടോഗ്രാഫറായി വളരുന്നതിനുള്ള ഏറ്റവും നല്ല മാർഗം നമ്മളുടെ തീരുമാനങ്ങൾ എടുക്കുവാനുള്ള സാവകാശമാണ്. നമ്മളുടെ ഉപബോധമനസ്സിനെ സംശയാസ്പദമായി വിശ്വസിക്കലല്ല, മറിച്ച് നമ്മളുടെ ചിത്രം രചിക്കുന്നതിനുള്ള പുതിയ വഴികൾ പഠിക്കുക എന്നതാണ്.
പോസ്റ്റ്-പ്രോസസ്സിംഗ് സമയത്ത് കുറച്ച് ചിന്ത, പരീക്ഷണം, വിശകലനം എന്നിവ ആവശ്യമാണ്. ഒരു നല്ല ചിത്രത്തിനായി ഏറ്റവും മികച്ചത് എന്താണെന്ന് കാണുക, എന്തുകൊണ്ടെന്ന് മനസിലാക്കാൻ ശ്രമിക്കുക, തുടർന്ന് കുറച്ച് പരീക്ഷിക്കുക.
ശരിയായ പാത കാണിക്കുകയും ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നയാളാണ് യഥാര്‍ത്ഥ ഗുരു . ഫോട്ടോഗ്രഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം : 340mm ,അപ്പര്‍ച്ചര്‍ : f/5.6 ,ഷട്ടറിന്റെ വേഗത : 1/800 sec..,ഐ.എസ്.ഒ : 800
ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം
ഫോട്ടോഗ്രാഫി ഒരു പെയിന്റിംഗ് പോലെയാണ് ചിത്രം ആദ്യം ഒരു കലാകാരന്റെ മനസ്സിൽ സൃഷ്ടിക്കപ്പെടുന്നു, പിന്നീട് അത് ക്യാൻവാസിലേക്ക് പകർത്തുന്നു. അത് കലാകാരൻ പറയാൻ ഉദ്ദേശിച്ച രീതിയിലോ അല്ലെങ്കിൽ കാഴ്ചക്കാരന്റെ സ്വന്തം വീക്ഷണകോണിലോ ആസ്വദിക്കുന്നു.
ഒരു ചിത്രം ഇല്ലെങ്കിൽ, നമ്മുടെ ചെറുപ്പകലാത്തെ പറ്റി അമ്മ പറയുന്നത് നമ്മൾക്ക് സങ്കല്പിക്കാൻ അല്ലേ കഴിയു.
ഒരു കല്യാണത്തിന് പങ്കാളിക്കൊപ്പം നിൽക്കുന്ന അപൂർവ നിമിഷങ്ങൾ പകർത്തുവാൻ ഒരു ഫോട്ടോഗ്രാഫർ ഇല്ലായിരുന്നങ്കിൽ നമ്മൾക്ക് മക്കളോട് ആ നിമിഷത്തെ കുറിച്ചു പറഞ്ഞ് മനസിലാക്കാൻ എങ്ങനെ കഴിയും.
അതെ, തലമുറകളോളം ഓർത്തിരിക്കാനുള്ള ഒരു ചിത്രം പകർത്തുകയാണ് ഒരു ഫോട്ടോഗ്രാഫർ ചെയ്യുന്നത്.
നമ്മൾ പകർത്തുന്ന ചിത്രത്തിെന്റ് അഭിനിവേശം, അത് ഒട്ടും നഷ്ടപ്പെടാതെ കാഴ്ചക്കാരിൽ പ്രകടമാകുമ്പോൾ, ആശയവിനിമയം നടത്തുമ്പോൾ ആ ചിത്രം വിജയകരമാകുന്നു. അപ്പോൾ അതിൽ നിന്ന് പണം സമ്പാദിക്കുന്നത് അർത്ഥവത്താകുന്നു.
ഫോട്ടോഗ്രാഫി: കലയോ ശാസ്ത്രമോ?
ഫോട്ടോഗ്രാഫി കലയോ ശാസ്ത്രമോ എന്നു പറയുന്നതിന് മുൻപ് ഒരു സുന്ദരമായ ചോദ്യം ചോദിക്കണം എന്നു തോന്നി.ചെറുപ്പത്തിൽ അമ്മയോടു ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു പാചകം കലയോ ശാസ്ത്രമോ?.
പാചക പ്രക്രിയ ഒരു ശാസ്ത്രവും, ഭക്ഷണം ഒരു കലയുമാണ്. രസതന്ത്രം, ഗണിതം, ഭൗതികശാസ്ത്രം എന്നിവ പാചകത്തിന്റെ സാങ്കേതികമായാ ഭാഗങ്ങളിൽ ഉൾപ്പെടുന്നു. കണ്ണിനും വായ്‌ക്കും സന്തോഷം നല്‍കുന്നതോടെ പാചകം ഒരു കലയും ആകുന്നു.
ഇതുപോലെ ഫോട്ടോഗ്രാഫിയും ഒരു കലയും ശാസ്ത്രവുമാണ്. “ക്യാമറയുടെ കണ്ടുപിടുത്തവും ചിത്രം പകർത്തുന്ന പ്രക്രിയയും ഒരു ശാസ്ത്രമാണ്, അതിൽ നിന്ന് ലഭിക്കുന്ന ഫോട്ടോഗ്രാഫുകൾ ഒരു കലയും ആണ്.
വിഷയത്തിന്‍റെ മുഖഭാവം , ചിത്രത്തിന്റെ ഒരുപാട് അര്‍ത്ഥമുള്ളതക്കുന്നു . ഫോട്ടോഗ്രഫി – എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV , ഫോക്കല്‍ ദൂരം : 340 mm , അപ്പര്‍ച്ചര്‍ : f/5.6 ,ഷട്ടറിന്റെ വേഗത : 1/160 , ഐ.എസ്.ഒ : 100