ഈ ലേഖനം മറ്റക്കരയിലെ പല ആളുകളുമായി നടത്തിയ അഭിമുഖങ്ങളിൽ നിന്നാണ് എടുക്കപ്പെട്ടത്. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ, ദയവായി 8589085220 എന്ന നമ്പറിലേക്ക് വിളിക്കുക അല്ലെങ്കിൽ വാട്‌സാപ്പ് ചെയ്യുക.
ഗ്രാമം: മറ്റക്കര
രാജ്യം: ഇന്ത്യ
സംസ്ഥാനം: കേരളം
ജില്ല: കോട്ടയം
ബ്ലോക്ക്: പാമ്പാടി
പഞ്ചായത്ത്: അകലക്കുന്നം
മതം : ഹിന്ദുമതം, ക്രിസ്തുമതം
ഭാഷ : മലയാളം, ഇംഗ്ലീഷ്
പിൻ : 686564
ചരിത്രം
ആദ്യകാലത്ത്, മറ്റക്കര ദേശം ആനിക്കാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു. കോട്ടയം താലൂക്കിലെ പാമ്പാടി ബ്ലോക്കിന് കീഴിലുള്ള അകലക്കുന്നം ഗ്രാമപഞ്ചായത്തിലാണ് മറ്റക്കര ദേശം ഉൾപ്പെടുന്നത്. പിന്നീട്, അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചു വാർഡുകളിൽ ഏഴു വാർഡുകൾ (വാർഡ്-1 പട്ട്യാലിമറ്റം, വാർഡ്-2 നെല്ലിക്കുന്ന്, വാർഡ്-3 തച്ചിലങ്ങാട്, വാർഡ്-4 കരിമ്പാനി, വാർഡ്-13 മഞ്ഞാമറ്റം, വാർഡ്-13 മറ്റക്കര, വാർഡ്-13 മണൽ) ഉൾപ്പെടുന്ന പ്രദേശമായി മാറി. കോട്ടയത്തുനിന്ന് 22 കിലോമീറ്റർ വടക്കുകിഴക്കിലും, പൊൻകുന്നത്തുനിന്ന് 22 കിലോമീറ്റർ പടിഞ്ഞാറായും, പാലായിൽ നിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഒരു വലിയ കരമാണ് മറ്റക്കര. ആളുകൾ മലയാളം ഭാഷ സംസാരിക്കുന്നു. ഇവരിൽ 98 ശതമാനത്തിലധികം പേരും സാക്ഷരരാണ്.
പന്നഗം തോട് എന്ന നദി മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി തെക്കുകിഴക്കായി ഒഴുകുന്നു. പന്നഗം തോടിന്റെ ഇരുവശങ്ങളിലും ചെറുതും വലുതുമായ സമതലങ്ങൾ (മറ്റങ്ങൾ) രൂപപ്പെട്ടു. ഇതുകൊണ്ടുതന്നെ, പല സ്ഥലങ്ങളും വീടുകളും 'മറ്റം' എന്ന വാക്ക് ചേർത്താണ് അറിയപ്പെടുന്നത്.
“മറ്റക്കര ചുറ്റെത്തുകയുമില്ല... അന്നൊരു വറ്റു കിട്ടുകയുമില്ല” എന്ന പഴമൊഴി വളരെ സുപ്രധാനമാണ്. മഞ്ഞാമറ്റം, തെക്കുംമറ്റം, ഐക്കരമറ്റം, കോവൂർമറ്റം, കുഴിക്കാട്ടുമറ്റം, പട്ട്യാലിമറ്റം, കൂർക്കമറ്റം, പാലാമറ്റം, പനമറ്റം, പുന്നയ്ക്കാമറ്റം, പൂവേലിമറ്റം, പാലയ്ക്കാമറ്റം, മുണ്ടമറ്റം, വേന്ദമ്പുറത്തുമറ്റം, വാപ്പാലമറ്റം, നാഗമറ്റം, പുള്ളിയില്‍മറ്റം, വാഴപ്പള്ളിമറ്റം, മാറാമറ്റം, ആലഞ്ചേരിമറ്റം, പാതിരിമറ്റം എന്നിവയും പെരുമ്പള്ളിക്കുന്ന്, നെല്ലിക്കുന്ന്, പള്ളിക്കുന്ന്, അട്ടപ്പൊങ്ങ്കുന്ന്, വട്ടമലക്കുന്ന് എന്നീ കുറച്ചു കുന്നുകളും ബാക്കിയായ പ്രദേശങ്ങൾ എല്ലാം "മറ്റങ്ങൾ" കൊണ്ടാണ്. അതുകൊണ്ടാണ് ഈ പ്രദേശം മറ്റം + കര = "മറ്റക്കര" അഥവാ "മറ്റങ്ങളുടെ കര" എന്ന പേരിൽ അറിയപ്പെടുന്നത്. "മറ്റേക്കര" എന്ന വാക്കിൽ നിന്നാണ് "മറ്റക്കര" ഉത്ഭവിച്ചതെന്ന് പറയുന്നവരും ഉണ്ട്. കൃത്യമായി "മറ്റക്കര" എന്ന സ്ഥലം കാണുവാൻ കഴിയില്ല. മണ്ണൂർപള്ളി, മണൽ, വടക്കേടം, ചുവന്നപ്ലാവ്, തച്ചിലങ്ങാട്, കരിമ്പാനി, മഞ്ഞാമറ്റം, പട്ടിയാലിമറ്റം, പാദുവാ, നെല്ലിക്കുന്ന് എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്നതാണ് ഇന്നത്തെ മറ്റക്കര.
ഐതീഹ്യം
History of Mattakkara
1000 വർഷങ്ങൾക്ക് മുമ്പ് മറ്റക്കരയിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു, എന്നാൽ ഇന്ന് ലഭ്യമായിട്ടുള്ളത് കോവൂർ കുടുംബത്തിന്റെ തുടക്കം സംബന്ധിച്ച ഐതീഹ്യങ്ങളുമാത്രമാണ്. ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ്, നാല്-അഞ്ച് തലമുറകൾക്ക് മുൻപ്, കോവൂർ കുടുംബം മധുരയിൽ നിന്നു മറ്റക്കരയിലേക്ക് താമസം മാറ്റി എന്ന് കരുതുന്നു. കോവൂർ കുടുംബത്തിന് പ്രദേശത്തെ ഭരണകൂടത്തിൽ വലിയ ഒരു സ്ഥാനമുണ്ടായിരുന്നു. മറ്റക്കരയിലെ വിവിധ മേഖലകളായി തിരിച്ചു, കോവൂർ കുടുംബം ഭരണനിർവ്വഹണത്തിനായി മറ്റു കുടുംബങ്ങളെ നിയോഗിച്ചിരുന്നു. കാലക്രമേണ, പലരും ഈ സ്ഥലങ്ങൾ വിൽക്കുകയും കുടിയേറ്റത്തിനെത്തിയവർ വാങ്ങുകയും ചെയ്തു. അവർ കാടുകൾ വെട്ടി തെളിച്ച് കൃഷി ചെയ്ത് മറ്റക്കരയെ ഫലഭൂയിഷ്‌ഠമാക്കി. കരം അടയ്ക്കാതെ കിടന്നിരുന്ന പല സ്ഥലങ്ങളും കോവൂർ, ഐക്കര കുടുംബങ്ങൾക്ക് കരം അടച്ചു ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു.
ഇവിടുത്തെ ജന്മിമാരായ ചില ഹൈന്ദവർ, അവർണ്ണരുടെ സമ്പർക്കം മൂലം അശുദ്ധമാകുമെന്ന് വിശ്വസിച്ചിരുന്നു. അതിനാൽ, അശുദ്ധമായവ തൊട്ടു ശുദ്ധമാക്കാൻ, മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള നസ്രാണികളെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നതായും പൂർവ്വികർ പറയുന്നു. ചിലർ പുലർച്ചെ കണി കാണാൻ, നസ്രാണികളെ വീട്ടിൽ നിന്നും അകലെയല്ലാതെ പാർപ്പിച്ചിരുന്നതായും പഴമക്കാർ പറയുന്നുണ്ട്. "തൈലാദി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ അത് ശുദ്ധമാകും" എന്നായിരുന്നു പഴഞ്ചൊല്ല്.
ഭൂപ്രകൃതിയും വീടുകളും
മറ്റക്കരയിൽ ജാതി, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ഇതിന് പുറമെ, കൊക്കൊ, വാഴ, കപ്പ, കാപ്പി, കശുമാവ് പോലുള്ള വിവിധ കാർഷികവിളകളും ഇവിടെ വ്യാപകമായി കണ്ടു വരുന്നു. മത്സ്യം പന്നഗം തോട്ടിലും തുരുത്തിപ്പള്ളി ചാലിലും നിന്ന് പിടിച്ചിരുന്നതാണ്. ജനങ്ങൾക്കാവശ്യമായ പച്ചക്കറികൾ അവർതന്നെ കൃഷി ചെയ്തിരുന്നു.
ആദ്യകാലങ്ങളിൽ വീടുകൾ മിക്കവയും തെങ്ങോലയോ പനയോലയോ ഉപയോഗിച്ച് മേഞ്ഞിരുന്നു, ഓടിട്ട വീടുകൾ കുറവായിരുന്നു. സാമ്പത്തിക ശേഷിയുള്ളവർ വീടുകൾക്ക് മരം കൊണ്ടും നിലമുറിയ്ക്ക് ഉപയോഗിച്ചും നിർമിച്ചിരിന്നു. മറ്റു പലരും വീടുകൾ വെട്ടുകല്ലും മണ്ണിഷ്‌ടികയും ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. വീടുകളുടെ തറയിൽ മിക്കവാറും ചാണകം മെഴുകിയതായിരുന്നു.
അന്നത്തെ കാലത്ത് വീടുകൾക്കൊന്നും കക്കുസോ കുളിമുറിയോ ഉണ്ടായിരുന്നില്ല. ഒരു സംസ്‌കാരപരമായ പരിസ്ഥിതിയിൽ, ആളുകൾ ജാതിമതഭേദമെന്യേ ഒന്നിച്ചും ഐക്യത്തിലും ജീവിച്ചിരുന്നു. റേഡിയോ, ടെലിവിഷൻ തുടങ്ങിയ സാങ്കേതിക ഉപകരണങ്ങളെപ്പറ്റി കേട്ടറിവുണ്ടായിരുന്നുവെങ്കിലും, ഇലക്ട്രിസിറ്റിയും ടെലിഫോണും ദുർലഭമായിരുന്നു.
വീടുകൾ മരംകൊണ്ടും, വെട്ടുകല്ലും, മണ്ണിഷ്‌ടികയും ഉപയോഗിച്ച് നിർമ്മിച്ചിരുന്നതായിരുന്നു. എന്നാൽ ഇന്ന്, എല്ലാ വീടുകളും കോൺക്രീറ്റിൽ നിർമ്മിച്ചവയാണ്. കാർഷിക ജീവിതത്തിൽ നിന്ന് മാറി, ഇപ്പോൾ കൂടുതൽ ആളുകൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയും, ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്യുന്നു. ഇതുമൂലം, മറ്റക്കര സാമ്പത്തികമായി വളരെ മുന്നേറുകയും, നാടിന്റെ സമ്പത്ത് വർദ്ധിക്കുകയും ചെയ്തു.
പന്നഗം തോട്
RIVER OF MATTAKKARA
കൂട്ടനാട്ടിൽനിന്നും കെട്ടുവള്ളങ്ങളിലും, ചങ്ങാടങ്ങളിലും കെട്ടിടം പണിക്കും വളത്തിനും ആവശ്യമായ കുമ്മായം ഉണ്ടാക്കുവാനുള്ള സാധനങ്ങൾ ഇവിടെ കൊണ്ടുവന്നു വിറ്റിരുന്നു. ഇവിടെ നിന്നും തടി, വിറക് തുടങ്ങിയവ വാങ്ങിച്ചുകൊണ്ടുപോവുന്ന വ്യാപാരികൾ വള്ളക്കാർ മുമ്പ് ധാരാളം ഉണ്ടായിരുന്നു. നാട്ടിൽനിന്നും നെല്ല്, നാളികേരം, കൊപ്ര, കപ്പ, ഇഞ്ചി, ചുക്ക്, മഞ്ഞൾ, കുരുമുളക് മുതലായവ കോട്ടയം, ആലപ്പുഴ തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തിരുന്നു. അവിടെനിന്നും അരി, ഉപ്പ്, മുളക്, മണ്ണെണ്ണ എന്നിവയുടെ പോലെ നിത്യോപയോഗസാധനങ്ങൾ ഇവിടെ കൊണ്ടുവരികയും ചെയ്‌തിരുന്നത് വള്ളത്തിലായിരുന്നു.
തോട്ടിലുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ വില്‍ക്കലും വാങ്ങലും നടത്താന്‍ ഇന്ന് ചുവന്നപ്ലാവ് എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ചന്തയുണ്ടയിരുന്നു. തോടിന്‍റെ ഇരുവശങ്ങളും ഉണ്ടായിരുന്നവര്‍ ഈ ചന്തയില്‍ വരുകയും മറ്റേ കരയില്‍ പോകുന്നു എന്ന് പറഞ്ഞു പറഞ്ഞ് മറ്റക്കര എന്ന് പേര് വന്നത് എന്ന് വിശ്വാസിക്കുന്നു.
കോട്ടയം ജില്ലാ ആശുപത്രിയിലേക്കും മറ്റും രോഗികളെ കൊണ്ടുപോകുന്നത് വള്ളത്തിൽ അല്ലെങ്കിൽ കട്ടിലിൽ കിടത്തിയോ കസേരയിൽ ഇരുത്തിയോയായിരുന്നു. മറ്റക്കരയിലെ പഴയ പള്ളിയുടെ പണിക്ക് കക്കയും, പുതിയ പള്ളിയുടെ പണിക്ക് കക്കാ, സിമന്റും , കമ്പി, മുതലായ സാധനങ്ങളും വള്ളത്തിലായിരുന്നു കൊണ്ടുവന്നത്.
ഗതാഗതവും യാത്ര സൗകര്യവും
ആളുകള്‍ വഞ്ചികളിലും, വള്ളങ്ങളിലും, ചെങ്ങടങ്ങളിലും കാളവണ്ടികളിലും സഞ്ചരിച്ചിരുന്നു. 1958, 23 ഏപ്രില്‍ തിരുവല്ലയുള്ള കോണ്ട്രാക്ടര്‍മാരാണ് ചുവന്നപ്ലാവ് പാലം നിര്‍മ്മിക്കുന്നത്. ചുവന്നപ്ലാവ് പാലം ഇത്രെയും ഉയരത്തിൽ നിർമിക്കാനുള്ള കാരണം പാലം പണിയുന്ന സമയങ്ങളിലും വള്ളം സർവീസ് ഉണ്ടായിരുന്നത് കൊണ്ടാണ്. പാലം പണി പൂർത്തിയാക്കിയതോടെ മറ്റക്കരയുടെ ഗതാഗത മാര്‍ഗവും പുരോഗമിക്കുന്നു ബസുകളും മറ്റും പാലത്തില്‍ കൂടി കടന്നു പോകുവാന്‍ തുടങ്ങി.
ആളുകള്‍ക്ക് ആശ്രയമായി മറ്റക്കരയില്‍ ആദ്യമായി വരുന്ന ഗതാഗത മാര്‍ഗം ബീന ബസ്സായിരുന്നു. 1959-ൽ സർവീസ് ആരംഭിച്ച ബീന ബസ്സ് (KLK 5189) കോട്ടയം - മറ്റക്കരവരെയും അതിന്ശേഷം പൂവത്തിളപ്പ് വരെയും പിന്നീട് 1976 ൽ പാലാ വരെയും നീട്ടി. ബീന ബസ്സ് ഇന്നും അതേ റൂട്ട് നില നിർത്തുകയും പേരും റൂട്ട് മാറ്റാതെ യാത്ര തുടരുകയും ചെയ്യുന്നു. നാട്ടുകാർ സ്നേഹത്തോടെ “ഉണ്ട ബീന” എന്ന് വിളിച്ചിരുന്ന മറ്റക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് “ബീന” ബസ്സ്.
1964-ൽ ജവാന്‍ മോട്ടോര്‍സ്, എക്സ് സർവീസ് ബസ്സുകൾ കോട്ടയം പൊൻകുന്നം വരെ ബസ്സ് സർവീസ് ആരംഭിച്ചു . പഴയ കാലത്ത് പണിക്ക് വന്നിരുന്നവർ ജവാന്‍ ബസ്സിന്റെ കുകിച്ച കേട്ടാണ് 8 മണിക്ക് പണിക്കറങ്ങിയിരുന്നതും, അതുപോലെ അഞ്ച് മണിക്ക് പണി നിർത്തിയിരുന്നതും. അതുകൊണ്ട് എല്ലാവരുടെയും ഓർമ്മയിൽ ജവാന്‍ ബസ്സ് നില നിൽക്കുന്നു. ബസ് മാര്‍ഗത്തിലുടെ ആളുകള്‍ മറ്റക്കരയില്‍ നിന്ന് കോട്ടയത്തെക്കും കോട്ടയത്തുനിന്നും മറ്റക്കരയിലെക്കും സഞ്ചരികുവാന്‍ തുടങ്ങി. ഇന്ന് ചുവന്നപ്ലാവ് എന്ന് അറിയപ്പെടുന്ന സ്ഥലമായിരുന്നു. മറ്റക്കര എന്ന സ്ഥലമെന്നും ഇന്ന് അതിന്റെ അവശിഷ്ടം എന്ന് നിലയില്‍ മറ്റക്കര "0" എന്ന ഒരു മയില്‍കുറ്റിയും കാണാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
നഴ്സറി സ്കൂള്‍
1. നഴ്സറി സ്കൂള്‍, പട്ട്യാലിമറ്റം (11)
2. നഴ്സറി സ്കൂള്‍, കിഴ്ചിറക്കുന്ന്, നെല്ലിക്കുന്ന് (22)
3. നഴ്സറി സ്കൂള്‍, നെല്ലിക്കുന്ന് (6)
4. നഴ്സറി സ്കൂള്‍, കാര്യമല, നെല്ലിക്കുന്ന് (23)
5. നഴ്സറി സ്കൂള്‍, കരിമ്പാനി (5)
6. നഴ്സറി സ്കൂള്‍, ഇടമുള (4)
7. നഴ്സറി സ്കൂള്‍, തച്ചിലങ്ങാട് (13)
8. നഴ്സറി സ്കൂള്‍, മഞ്ഞാമറ്റം (17)
9. നഴ്സറി സ്കൂള്‍, മറ്റക്കര (10)
10. നഴ്സറി സ്കൂള്‍, മണ്ണൂർപള്ളി (1)
11. നഴ്സറി സ്കൂള്‍, കിളിയാകുന്ന് (7)
12. നഴ്സറി സ്കൂള്‍, അംബേദുക്കർ (19)
അകലക്കുന്നം ഗവ: എല്‍ പി സ്കൂള്‍, മണൽ
1883-ൽ മറ്റക്കരയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആയ അകലക്കുന്നം ഗവ: എൽ പി സ്കൂൾ 1 മുതൽ 4 വരെ ക്ലാസുകൾ സ്ഥാപിച്ചു. ഇത് ആദ്യം മറ്റക്കര പള്ളിപ്പറമ്പിലും, കൊച്ചുമാടം പറമ്പിലും, പിന്നീട് മണലിലുമാണ് സ്ഥാപിതമായത്.
സെന്റ് ആന്റ്ണീസ് എൽപിഎസ് ആൻഡ് സെന്‍റ് ജോസഫ് ഹൈസ്കൂള്‍, മഞ്ഞാമറ്റം
1916 ൽ പൊട്ടക്കുളത്തു പറമ്പിൽ ഒരു പ്രൈമറി സ്കൂൾ സ്വകാര്യവ്യക്തിയുടെ മാനേജ്മെന്റിൽ ആരംഭിച്ചു. 1916-ൽ “അടപ്പൂർ സ്കൂൾ” എന്ന പേരിൽ ആരംഭിച്ച വിദ്യാലയം, പിന്നിട് സെന്റ് ആന്റണീസ് എൽ.പി.എസ് മറ്റക്കര-മഞ്ഞാമറ്റം എന്നായി. 1956 ൽ അഞ്ചാലയ്ക്കൽ ചാക്കോ സ്‌കൂൾ നടത്തുവാൻ ദാനമായി നൽകിയ അഞ്ചാലക്കൽ പറമ്പിൽ കെട്ടിടം പണി ആരംഭിച്ചു. പണിതീർന്നപ്പോൾ ഈ കെട്ടിടത്തിലേക്ക് പൊട്ടക്കുളത്തുള്ള സ്‌കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഈ സ്‌കൂൾ പെൺകുട്ടികൾക്ക് സ്ഥാപിച്ചതിനാൽ മറ്റക്കര ക്ലാരമഠത്തിൽ നിന്നുള്ള സിസ്റ്റേഴ്‌സ് 1936 മുതൽ ഇവിടെ വന്ന് അദ്ധ്യാപനം നടത്തിയിരുന്നു. പിന്നീട് മഞ്ഞാമറ്റത്ത് ക്ലാരമഠം സ്ഥാപിതമായി. 1948 ൽ യു.പി സ്‌കൂളായും 1953 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 5 മുതൽ 10 വരെ ഗ്രേഡുകൾ ഉൾക്കൊള്ളുന്ന ഈ വിദ്യാലയം, സെന്റ് ജോസഫ് ഗേൾസ് എച്ച്എസ്, മറ്റക്കര, ആദ്യം പെൺകുട്ടികൾക്കായിരുന്നെങ്കിലും പിന്നീട് കോ-എഡ്യൂക്കേഷൻ സ്കൂളായി മാറി.
ഗവൺമെന്റ് എല്‍ പി ജി സ്കൂള്‍, തച്ചിലങ്ങാട്
1916-ൽ, ഗവൺമെന്റ് എൽ.പി.ജി. സ്കൂൾ പെൺകുട്ടികൾക്കായി പുത്തേട്ട്കാവിന് അടുത്തായി ആരംഭിച്ചു. പിന്നീട് സ്കൂളിന്റെ നിലവിലെ സ്ഥലത്തേക്ക് മാറ്റി.1 മുതൽ 4 വരെ ഗ്രേഡുകൾ ഉൾക്കൊള്ളുന്ന കോ-എഡ്യൂക്കേഷണൽ വിദ്യാലയമായി മാറി.
സെന്‍റ് അന്തോനീസ് എല്‍ പി സ്കൂള്‍, പാദുവ
പട്യാലിമറ്റം ഭാഗത്ത് കുട്ടിപ്പള്ളിക്കുടം നടത്തിവന്ന കാവിൽ രാമൻപിള്ളയുടെ പരിശ്രമ ഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്ത് നാരായണപിള്ള, അയ്യപ്പൻ നായർ, പുറവംതൂരുത്തിൽ കൂര്യൻ, പാണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂർ ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ, മനക്കുന്നത്ത് നാരായണപിള്ള മാനേജരായി, കാവിൽ രാമൻപിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത്, മലയാള വർഷം 1091-ൽ (1916-ൽ) സ്കൂൾ ആരംഭിച്ചു.
തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണൂണ്ടായിരുന്നത്. നാട്ടുകാരിൽ നിന്ന് പിരിവെടുത്തും തടി ശേഖരിച്ചും, സ്കൂൾ കെട്ടിടം 60 അടി നീളത്തിലും 20 അടി വീതിയിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം, കാവിൽ രാമൻപിള്ളയ്ക്ക് യോഗ്യത കുറവായിരുന്നതിനാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരൻപിള്ള ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. ഇതോടെ മൂന്നാം ക്ലാസും ആരംഭിക്കാൻ സാധിച്ചു.
തുടർന്ന്, മാനേജ്‌മെന്റ് സ്ഥാനം പുറവംതുരത്തിൽ കൂര്യൻ അവറുകളുടെ കൈകളിലേയ്ക്ക് മാറി. അന്ന് ഹെഡ്മാസ്റ്റർ ആയി ശങ്കരൻപിള്ള സാറിനു പകരം, ചങ്ങനാശേരി സ്വദേശിയായ സ്കറിയ സാർ ചുമതല ഏറ്റെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞ് സ്കറിയ സാർ ജോലി ഉപേക്ഷിച്ചപ്പോൾ, അദ്ദേഹത്തിന് പകരം കോമടത്ത് ഈല്ലത്ത് കെ.എൻ കേശവൻ ഇളയത് ഹെഡ്മാസ്റ്റർ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവ പള്ളിക്ക് കൈ മാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ച് പോയി. തൽ സ്ഥാനത്ത് ഓ.ടി ഫ്രാൻസിസ് ഹെഡ്മാസ്റ്റർ ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി.
മറ്റക്കര ഹയര്‍ സെക്കന്ററി സ്കൂള്‍
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിൽ 1954 -ൽ ഒരു യു പി സ്കൂളായി ആരംഭിച്ച് 1976 ൽ ഹൈസ്സ്കൂളായും . 2014 - ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. മറ്റക്കര 151-ാം നമ്പർ എൻ എസ് എസ് കരയോഗം മേൽനോട്ടം വഹിക്കുന്നു.
പ്രൈമറി സ്കൂൾ മാത്രമുണ്ടായിരുന്ന മറ്റക്കരയിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യപ്പെട്ടു. തത്ഫലമായി മറ്റക്കര 151-ാം നമ്പർ : എൻ എസ് എസ് കരയോഗം ഭാരവാഹികൾ മുന്നിട്ടിറങ്ങുകയും കരയോഗാംഗങ്ങളിൽ നിന്നും സൗജന്യമായി ലഭിച്ച സ്ഥലത്ത് മറ്റ് സമുദായാഗംങ്ങളുടെ സഹകരണത്തോടെ ശ്രമദാനത്തിന്റെ ഫലമായി സ്കൂൾ കെട്ടിടം പണിയുകയും ചെയ്തു. 1954 -ൽ യുപി സ്‌കൂളായി പ്രവർത്തനം ആരംഭിച്ച് 1976 -ൽ ഹൈസ്സ് കൂളായി ഉയർത്തപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും ഹയർസെക്കൻണ്ടറി നൽകുന്നതിന്റെ ഭാഗമായി 2014 ൽ സ്കൂൾ അനുവദിച്ചപ്പോൾ എല്ലാ മാനദണ്‌ഡങ്ങളും പാലിച്ചിരുന്ന ഈ സ്കൂളിന് ഹയർസെക്കണ്ടറി അനുവദിച്ച് കിട്ടുകയും ചെയ്‌തു.
യു പി സ്കൂൾ പദുവ മറ്റക്കര
1954-ൽ സ്ഥാപിതമായ സെന്‍റ് അന്തോനീസ് യു.പി.സ്കൂൾ, പാദുവ, 5 മുതൽ 7 വരെ ഗ്രേഡുകൾ ഉൾക്കൊള്ളുന്ന കോ-എഡ്യൂക്കേഷണൽ വിദ്യാലയമാണ്.
മണ്ണൂർ എല്‍ പി സ്കൂള്‍
1965-ൽ, ബഹു. മാത്യു അച്ചന്റെ കാലത്ത് കൊരട്ടിയിൽ പഴയ പള്ളിക്കെട്ടിടം പരിഷ്കരിച്ചു, മോടിപെടുത്തി. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയത്തിന്റെ ഭാഗമായി, പള്ളിവകയിൽ സെന്റ് ജോർജ് എൽ.പി. സ്കൂൾ സ്ഥാപിച്ചു. 1 മുതൽ 4 വരെ ഗ്രേഡുകൾ ഉൾക്കൊള്ളുന്ന കോ-എഡ്യൂക്കേഷണൽ വിദ്യാലയമാണ്.
കോളേജ് ആൻഡ് ഇന്‍സ്റ്റിറ്റ്യൂട്ട്
1. മേരി മാതാ കോളേജും കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
2.മോഡല്‍ പോളിടെക്നിക്ക് കോളേജ് (IHRD), മറ്റക്കര
3. ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് പോളിടെക്നിക്ക്, മറ്റക്കര
4. ക്രീയേറ്റീവ് ഹട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫി ആന്‍ഡ് ഫിലിം, മറ്റക്കര
5. ടോംസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡിഗ്രി, മറ്റക്കര
മേരി മാതാ കോളേജും കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
മറ്റക്കരയിൽ എംസിബിഎസ് സഭയുടെ നേതൃത്വത്തിൽ 1942-ൽ നെയ്ത്തുശാല സ്ഥാപിച്ചു. 1979-ൽ മേരി മാതാ കോളേജും 1980-ൽ മേരി മാതാ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. പിന്നീട് കുട്ടികൾ കുറഞ്ഞപ്പോൾ കോളേജ് നിർത്തി.
ഐ.ച്ച്.ആർ.ഡി പോളിടെക്കിനിക്
1995-ൽ മറ്റക്കരയിൽ ഗവൺമെന്റ് ഐ.ച്ച്.ആർ.ഡി പോളിടെക്ക്നിക് സ്ഥാപിതമായി. ഈ സ്ഥാപനം ഇവിടെ വരാൻ ശ്രീ ബഹു. ഉമ്മൻ ചാണ്ടി സാറിന്റെ ശ്രമഫലമായിരുന്നു.
ടോംസ് കോളേജ്
മറ്റക്കരയുടെ ടോം.ടി.ജോസഫ് കുഴിമാറ്റത്തിന്റെ നേതൃത്വത്തിൽ വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജി ആരംഭിച്ചു. 1988-ൽ കോട്ടയത്ത് തുടങ്ങിയ വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് 2000-ൽ മറ്റക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് അത് ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പോളിടെക്നിക് എന്ന് പേരിൽ അത് മാറുകയും ചെയ്തു. 2024 ടോംസ് കോളേജ് ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കുകയും ചെയ്തു.
ക്രിയേറ്റീവ് ഹട്ട് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി ആൻഡ് ഫിലിം
2007-ൽ ഗുജറാത്തിൽ എബിൻ അലക്സ് തെക്കുംമറ്റത്തിന്റെ നേതൃത്തിൽ തുടങ്ങിയ ക്രിയേറ്റീവ് ഹട്ട് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി ആൻഡ് ഫിലിം എന്ന സ്ഥാപനം 2013-ൽ മറ്റക്കരയിൽ ആരംഭിക്കുകയും ഇന്ത്യയുടെ നാനാ ഭാഗത്ത് നിന്ന് മറ്റക്കരയിൽ വിദ്യാർത്ഥികൾ എത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു.
വായനശാലകള്‍
1. ജ്ഞാനപ്രകാശിനി വായനശാല, മണല്‍
2. ബി എസ് എസ് നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറി, പട്ടിയാലിമറ്റം
3. പബ്ലിക് ലൈബ്രറി, മഞ്ഞാമറ്റം
4. പബ്ലിക് ലൈബ്രറി, നെല്ലികുന്ന്
ജ്ഞാനപ്രകാശിനി വായനശാല,
മണല്‍ മറ്റക്കര
1948-ൽ രൂപീകരിച്ച ജ്ഞാനപ്രകാശിനി പബ്ലിക് റീഡിങ് റൂം ആൻഡ് ലൈബ്രറി എന്ന പേരിൽ 1950 നവംബർ 17-ന് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്ര്യ സമര കാലത്ത്, രാഷ്ട്രീയ വിദ്യാഭാസ കേന്ദ്രങ്ങളായി കോൺഗ്രസ് പാർട്ടിയും കമ്മ്യൂണിസ്റ് പാർട്ടിയും തിരിച്ചറിഞ്ഞ ഗ്രാമീണ ഗ്രന്ഥശാലകളുടെ രൂപീകരണവും ഇതിന്റെ ഭാഗമായിരുന്നു. ജ്ഞാന പ്രകാശിനി വായനശാലയുടെ രൂപീകരണവും ഈ ചരിത്ര പശ്ചാത്തലത്തിലാണ് നടന്നത്. പുരോഗമന ചിന്താഗതിയുള്ള ചെറുപ്പക്കാർ ചേർന്നാണ് ഈ വായനശാല രൂപീകരിച്ചത്.
V R ദാമോദരൻ പിള്ള (മുന്ന് അകലകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) പ്രസിഡന്റും, തിരുനിലത്തിൽ മത്തായി സർ സെക്രട്ടറിയും, P K V (പിന്നീട് കേരള മുഖ്യമന്ത്രിയായിത്തീർന്നു), K രാഘവൻ നായർ (കെ ആർ സർ), ഞള്ളുകുഴിയിൽ ശ്രീധരൻ കുഞ്ഞി എന്നിവരായിരുന്നു പ്രധാന അംഗങ്ങൾ. മറ്റക്കര മൃഗാശുപത്രി ജീവനക്കാരനായിരുന്ന തിരുവാർപ്പ് കൃഷ്ണൻ നായർ വായനശാലയുടെ പ്രവർത്തനത്തിൽ ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തിയാണ്.
പൗവത്തിൽ കേശവൻ നായരുടെ കെട്ടിടത്തിലായിരുന്നു വായനശാല പ്രവർത്തനം ആരംഭിച്ചത്. ഇന്ന് വായനശാല സ്ഥിതി ചെയ്യുന്ന സ്ഥലം മനക്കുന്നത് പാച്ചുതയാർ സംഭാവന നൽകിയതാണ്. വായനശാലക്ക് നൽകിയ സ്ഥലവുമായി ബന്ധപ്പെട്ട് മാത്യു എന്നയാൾ തർക്കം ഉയർത്തിയപ്പോൾ, വാര്യത് ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാർ ചേർന്ന് തെങ്ങും കമുകും വെട്ടി കൊണ്ട് വന്നു, രാത്രി തന്നെ ഷെഡ് കെട്ടി പ്രവർത്തനം ആരംഭിച്ചു.നീണ്ട കാലത്തെ നിയമ പോരാട്ടം നടത്തിയ ശേഷമാണ് പ്രസ്തുത സ്ഥലം വായനശാലക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകളും മറ്റു ഫർണിച്ചറുകളും നിർമ്മിക്കുന്നതിന് കെ ആർ സാറിന്റെ വീടിനു സമീപമുള്ള കളരി പൊളിച്ചാണ്.
സ്ഥാപക സെക്രട്ടറിയും പ്രസിഡന്റും കൂടാതെ കാലാകാലങ്ങളിൽ വന്ന ഭരണ സമിതിയും പ്രഗത്ഭരായ അക്ഷരസ്നേഹികളും ചേർന്ന് വായനശാലയുടെ വളർച്ചക്ക് നിർണായകമായ സംഭാവന നൽകി. അവരിൽ എടുത്ത് പറയത്തക്ക പേരുകൾ അനവധിയുണ്ടെങ്കിലും, എൻ. രാഘവൻ കർത്ത (കർത്താവ് സർ), കെ. രാഘവൻ നായർ (കെ.ആർ. സാർ), പത്മനാഭൻ നായർ, എം.വി. തോമസ് മണ്ണത്താൻ, കെ.കെ. കുട്ടപ്പൻ, വാസു പീടിയേക്കൽ, സി.എൽ. രാഘവൻ, കെ.കെ. ശങ്കരൻ, എം.വി. പരമേശ്വരൻ കുട്ടി (കുട്ടപ്പായി), ഇ.യു. സോമൻ, പി.എൻ. ശശി കുട്ടൻ, എസ്.എസ്. സോമൻ (മറ്റക്കര സോമൻ), വി. ദിലീപ് കുമാർ, എം.എൻ. ഉണ്ണികൃഷ്ണൻ, ടി. പ്രസാദ്‌കുമാർ എന്നിവരുടെയെല്ലാം സേവനങ്ങൾ ഏറെ വിലപ്പെട്ടവയാണ്.
നിലവിൽ, അഡ്വ. ജോൺസൻ വട്ടംതൊട്ടിയിൽ പ്രസിഡന്റും, എൻ.ഡി. ശിവൻ സെക്രട്ടറിയും, വി.ഡി. കുര്യൻ വടക്കേടത്ത്, അജിമോൻ സി.സി., അർജുൻ ബാബു, എബിൻ എം.ഡി., ബിനോയ്‌കുമാർ കെ.എസ്., എം.കെ. മാത്യു, മീമ്പുഴക്കൽ പി.സി. സജേഷ്, പി.ടി. സജികുമാർ, ഡോ. വി.കെ. ശ്യാമള, എം.ആർ. ശാന്ത എന്നിവർ കമ്മിറ്റിഅംഗങ്ങളും, അഡ്വ. കെ.എസ്. ശശി കുമാർ താലൂക്ക് കൗൺസിൽ അംഗമായും ഉള്ള ഭരണ സമിതിയാണ് നിലവിലുള്ളത്.
ബി എസ് എസ് നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറി, പട്ടിയാലിമറ്റം (A+ grade)
1964 ജൂൺമാസം 21 ന് ഔപചാരികമായി പ്രവർത്തനം ആരംഭിച്ച പട്ട്യാലിമറ്റം ബി.എസ്.എസ്. നെഹ്റുമെമ്മോറിയൽ ലൈബ്രറി സ്ഥാപിതമായിട്ട് ഇപ്പോൾ 60 വർഷം പൂർത്തിയാവുകയാണ് ആയിരത്തിലേറെ അംഗങ്ങളും, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കുള്ള റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ അഞ്ച് ലക്ഷത്തി ലേറെ രൂപ മൂല്യമുള്ള പന്തീരായിരത്തോളം പുസ്‌തകങ്ങളും, മൂന്നു ലക്ഷത്തോളം രൂപ മൂല്യമുള്ള ഉപകരണങ്ങളും, 25 സെന്റ് സ്ഥലവും, വിശാലവും അതിമനോഹമായ കെട്ടിട സമുച്ചയവും, മിനി ഗ്രൗണ്ടും ലൈബ്രറിക്ക് ഇപ്പോൾ സ്വന്തമായുണ്ട്. ലൈബ്രറിയോടനുബന്ധിച്ച് വനിതാ വേദിയും, ബാലവേദിയും, ഉപവിഭാഗങ്ങളായി പ്രവർത്തിച്ചുവരുന്നു.
ആരോഗ്യ കേന്ദ്രങ്ങള്‍
ഗവൺമെന്റ് ഹോമിയോ ഡിസ്പെന്‍സറി, കരിമ്പാനി
ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കരിമ്പാനിയിൽ 1980-ൽ സ്ഥാപിക്കപ്പെട്ടു.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, മഞ്ഞാമറ്റം
pending
കുടുംബക്ഷേമ കേന്ദ്രം, നെല്ലിക്കുന്ന്
pending
വെറ്ററിനറി
അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഗവ. മൃഗാശുപത്രി, വടക്കേടം
ഉദാരമതിയായ ഇറാനിയോസ് വലിയവയ്ക്കയിൽ 70 സെന്റ് സ്ഥലം നൽകിയിടത്താണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഗവ. മൃഗാശുപത്രി സ്ഥാപിച്ചത്. 1962-ൽ വടക്കേടം ജംഗ്ഷനിൽ ഇത് പ്രവർത്തനം ആരംഭിച്ചു.
ബാങ്കുകളും സൊസൈറ്റികളും
1. അകലക്കുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക്, മഞ്ഞാമറ്റം
2.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റക്കര ബ്രാഞ്ച്, വടക്കേടം ജംഗ്ഷൻ
3. അകലക്കുന്നം റൂറൽ ഹൌസിംഗ് സൊസൈറ്റി, വടക്കേടം ജംഗ്ഷൻ
4. മഹാത്മാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി, ആലുമൂട് ജംഗ്ഷൻ
അകലക്കുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക്, മഞ്ഞാമറ്റം
1956-ൽ ഉദാരമതിയായ അറയ്ക്കൽ തൊമ്മൻ നൽകിയ സ്ഥലത്ത്, പരക്കാട്ട് പൗലോസ് ആർ നേതൃത്വത്തിൽ ഏതാനും പേർ കൂടി ഒരു മറ്റക്കര - മഞ്ഞാമറ്റം കേന്ദ്രീകരിച്ച് ഒരു സൊസൈറ്റി രൂപീകരിച്ചു. തുടർന്ന്, കൂടുതൽ അംഗങ്ങൾ ചേർന്നപ്പോൾ, തിരഞ്ഞെടുപ്പിലൂടെ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്ന ഒരു രീതി നടപ്പിൽ വന്നു. ഇതോടെ, സൊസൈറ്റി അകലക്കുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക് എന്ന് അറിയപ്പെടാൻ തുടങ്ങി. അകലക്കുന്നം പഞ്ചായത്തിലെ ഏകദേശം എട്ട് വാർഡുകളും മുഴുവനായും ഭാഗികമായി മുന്ന് വാർഡുകളിലും ഈ ബാങ്ക് പ്രവർത്തിക്കുന്നു. പ്രദേശവാസികളുടെ ആവശ്യങ്ങളെ മാനിച്ച്, പണം ഇടപാടുകൾ എളുപ്പമാക്കുന്നതിനായി പട്ടിയാലിമറ്റം, മുഴൂർ, കരിമ്പാനി, മണൽ എന്നീ നാലു ബ്രാഞ്ചുകളും ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റക്കര ബ്രാഞ്ച്, വടക്കേടം ജംഗ്ഷൻ
വി.ഡി. ചാക്കോ വടക്കേടത്ത്, കൃഷി ആവശ്യത്തിനായി ലോൺ എടുക്കുവാൻ എസ്.ബി.ടി ചങ്ങനാശ്ശേരിയിൽ ചെന്നപ്പോൾ, മാനേജർ മറ്റക്കരയിൽ ഒരു ബ്രാഞ്ച് തുടങ്ങുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. അതിനുപ്രകാരം, മറ്റക്കര പള്ളിയിലെ വികാരിയായിരുന്ന കൊട്ടുകാപ്പള്ളി അച്ചനും വി.ഡി. ചാക്കോ വടക്കേടവും ചേർന്ന് ചങ്ങനാശ്ശേരിയിൽ പോയി. അവരുടെ ആവശ്യം പരിഗണിച്ച്, വി.ഡി. ചാക്കോ വടക്കേടത്തിന്റെ കെട്ടിടത്തിൽ 1977-ൽ എസ്.ബി.ടി ആരംഭിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം മറ്റക്കര പള്ളിയുടെ വടക്കേടം ജംഗ്ഷനിലുള്ള കുരിശുപള്ളിയോട് ചേർന്നുള്ള സ്ഥലത്ത് ബാങ്കിനുവേണ്ടി പുതിയ കെട്ടിടം പണിയുകയും എസ്.ബി.ടി അങ്ങോട്ട് മാറ്റുകയും ചെയ്തു. പിന്നീട് എസ്.ബി.ടി എസ്.ബി.ഐയുമായി ലയിപ്പിക്കുകയും ഇപ്പോൾ എസ്.ബി.ഐ, മറ്റക്കര ബ്രാഞ്ച് വടക്കേടം ജംഗ്ഷനിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
അകലക്കുന്നം റൂറൽ ഹൌസിംഗ് സൊസൈറ്റി, വടക്കേടം ജംഗ്ഷൻ
1982-ൽ, അകലക്കുന്നം റൂറൽ ഹൗസിംഗ് സൊസൈറ്റി വടക്കേടം ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത്, ഹൗസിംഗ് സൊസൈറ്റിയുടെ പ്രവർത്തനമേഖല അകലകുന്നം പഞ്ചായത്തിലായിരുന്നു. താൽക്കാലികമായി, പള്ളിയുടെ അടുത്ത് വാടകയ്ക്ക് ഒരു സ്ഥലത്ത് പ്രവർത്തിച്ചിരുന്നു. പിന്നീട് 5 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി സൊസൈറ്റി സ്ഥാപനം പണിതു. ഇന്ന്, ഈ സ്ഥാപനം സജീവമായി പ്രവർത്തനം തുടരുന്നു. വീടുകൾ നിർമ്മിക്കുന്നതിന് ഹൗസിംഗ് ലോൺ നൽകുകയും, ഇ ഡി റ്റി എസ് ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം (ചിട്ടി) എന്നിവ നടത്തുകയും ചെയ്യുന്നു.
മഹാത്മാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി,
മറ്റക്കര
മഹാത്മാഗാന്ധി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി കൾച്ചറൽ & റിസർച്ച് സെന്റർ 2019 നവംബർ 1-ന് പ്രവർത്തനം ആരംഭിച്ചു. മറ്റക്കരയിലെ സ്കൂളുകളിൽ പഠന ഉപകരണങ്ങൾ വിതരണം നടത്തുന്നു. കൂടാതെ, മറ്റക്കരയിലെ രണ്ട് കുട്ടികളുടെ മുഴുവൻ പഠന ചിലവുകളും ഏറ്റെടുത്ത് നടത്തുന്നു. കുട്ടികളുടെ പഠന ചിലവ്, ചികിത്സാ ചിലവ്, സാംസ്കാരിക പരിപാടികൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ വളരെ ഫലപ്രദമായി നടത്തിവരുന്നു.
ക്ഷേത്രങ്ങള്‍
1. ശ്രീതുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം, മണൽ
2. പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം, തച്ചിലങ്ങാട്
3. കോവൂർ ശ്രീ ധർമ്മ ദൈവ ക്ഷേത്രം, തച്ചിലങ്ങാട്
4. ശ്രീ അയ്യൻഭട്ടര് ധർമ്മശാസ്ത്ര ക്ഷേത്രം, കുറ്റിയാനിക്കൽ
5. ശ്രീധർമ്മശാസ്താ ക്ഷേത്രം, തുരുത്തിപ്പള്ളി
6. അയിയൂർ മഹാദേവ ക്ഷേത്രം
7. അയപ്പ ക്ഷേത്രം, അയപ്പകുന്ന്
ശ്രീതുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം, മണൽ
നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിൽ പള്ളികൊള്ളുന്ന ദേവിയാണ് തുരുത്തിപ്പള്ളി ഭഗവതിയമ്മ. സഹസ്രാബ്ദ കാലങ്ങളായി ഭക്തര്‍ക്ക് അഭയവരദായിനിയായും ഐശ്വര്യദായിനിയായും അന്നപൂർണ്ണേശ്വരിയായും ശ്രീതുരുത്തിപ്പള്ളി ഭഗവതിയമ്മ കുടികൊണ്ടു വരുന്നു. മറ്റക്കര ഗ്രാമത്തിലുള്ള നിരവധി കുടുംബങ്ങള്‍ ഭയഭക്തി ബഹുമാനത്തോടെ മാതൃസ്ഥാനാലംകൃതയായ ദേവിയമ്മയെ ആരാധിച്ചു പോരുന്നു. ഐതിഹ്യമനുസരിച്ച് ശ്രീ കൊടുങ്ങല്ലൂരമ്മയുടെ അംശാവതാരമായി ആരാധിച്ചു വരുന്ന ദേവിയമ്മയുടെ മൂലസ്ഥാനം കൊടുങ്ങല്ലൂരാണെങ്കിലും, അമ്മയുടെ ആവിര്‍ഭാവം ഇപ്പോഴത്തെ ക്ഷേത്രസങ്കേതത്തില്‍ നിന്നും അല്പം കിഴക്കു മാറി തച്ചിലേട്ട് കുടുംബം വക പാതിരിമറ്റത്താണ്.
നൂറ്റാണ്ടുകൾക്കു മുൻപ് ഈ പ്രദേശത്തു കൂടി സഞ്ചരിച്ച് ഒരു ബ്രാഹ്മണസ്ത്രീ മറ്റക്കര തച്ചിലേട്ടു ഭവനത്തില്‍ എത്തി. വിശന്നു വരുന്നതിനാൽ തനിക്ക് ഭക്ഷണം കാലാക്കുന്നതിന് അരിയും പാത്രവും വേണമെന്ന് ആവശ്യപ്പെട്ടു. ആ ബ്രാഹ്മണസ്ത്രീയുടെ ആഢ്യത്വവും തേജസ്സും കണ്ട് ബഹുമാനം തോന്നിയ കുടുംബനാഥ അവർക്ക് അരിയും അത് വച്ചു കാലാക്കാന്‍ ഉരുളിയും നല്കി. തുടർന്ന് ആ സ്ത്രീ അതുമായി പരിസരത്തൊഴുകുന്ന പന്നഗം തോട്ടില്‍ കുളിച്ചു ശേഷം അരി വേവിച്ചു കൊള്ളാമെന്നു പറഞ്ഞ് പാതിരിമറ്റത്തിലേക്കു പോയി.
വൈകുന്നേരമായിട്ടും ആ സ്ത്രീ ഉരുളിയുമായി മടങ്ങി വന്നു കണ്ടില്ല. വൈകുന്നേരം വീട്ടിലെത്തിയ കുടുംബനാഥനോട് നടന്ന കാര്യങ്ങൾ കുടുംബനാഥ അറിയിച്ചു. ഉരുളി ഇതുവരെയും തിരികെ തന്നില്ലെന്നും അറിയിച്ചു. അന്വേഷിച്ചു ചെന്ന അവർക്ക് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം ഉരുളി കഴുകി കമഴ്ത്തി വച്ചിരിക്കുന്നതാണ് കാണാന്‍ സാധിച്ചത്. തുടർന്ന് ഉരുളി എടുക്കാന്‍ ശ്രമിച്ച ഗൃഹനാഥന് അതിനു സാധിക്കാതെ വരികയും ഉരുളി നിലത്തുറച്ചിരിക്കുന്നതായും കാണപ്പെട്ടു. തുടർന്ന് തൊട്ടടുത്തുള്ള ആലിന്റെ മുകളില്‍ പട്ടുടുത്ത് ചൈതന്യം തുളുമ്പുന്ന ഒരു സ്ത്രീ ഇരിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുകയും അത് ഒരു ദേവി cമാണെന്ന് അവർക്ക് മനസ്സിലാകുകയും ചെയ്തു. തുടർന്ന് ഒരു അശ്വരീരിയും ഉണ്ടായി, ''ഞാന്‍ കൊടുങ്ങല്ലൂരില്‍ നിന്നും വരികയാണ്. എനിക്ക് നാലു വശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലത്ത് വിശ്രമിക്കണം.
കൊടുങ്ങല്ലൂരില്‍ ചെന്ന് കണ്ണാടി ബിംബം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തണം. അങ്ങനെ ദേവിയുടെ ആഗ്രഹമനുസരിച്ച് നാട്ടുകാരുടെ സഹകരണത്തോടെ നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിപ്പള്ളില്‍ ക്ഷേത്രം പണിത് കൊടുങ്ങല്ലൂരില്‍ നിന്നും ദേവീവിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തി എന്നാണ് ഐതീഹ്യം പറയുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തില്‍ പള്ളി കൊള്ളുന്നതുകൊണ്ട് തുരുത്തിപ്പള്ളിയായി. തച്ചിലേട്ട് ഭവനത്തിലെത്തി അന്നം ചോദിച്ച ഭഗവതിക്ക് അന്ന് കിട്ടിയ അരിയുടെ അളവ് ഇരുനാഴൂരി ആയിരുന്നത് ഇന്ന് ദേവിയുടെ ഇഷ്ട വഴിപാടായി മാറി. ഭക്തജനങ്ങളുടെ ആഗ്രഹ സാധ്യത്തിന് ഇരു നാഴൂരി വെള്ളനേദ്യമാണ് അമ്മയുടെ പ്രഥമ ഇഷ്ട നിവേദ്യം. ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളിൽ പ്രസാദമൂട്ട് നടത്തുന്നത് പ്രാധാന്യമാണ്.
അന്നം തേടിയെത്തിയ ഭഗവതിക്ക് അന്നം നൽകി സ്വീകരിച്ചതിന്റെ ഓർമ്മയ്ക്ക് വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തക്ക് അന്നം നൽകുന്നത് കാവിലമ്മയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ട വഴിപാടാണ്. പാതിരിമറ്റത്തെ അമ്മയുടെ വിശ്രമസ്ഥലത്തെ സ്മരിച്ച് മീനമാസത്തിലെ അശ്വതിനാള്‍ അവിടേക്ക് എതിരേല്പ് നടന്നിരുന്നു. ഇന്നത് അല്പം പരിഷ്കരിച്ച് കൊടിയേറ്റ് ഉത്സവമായി നടന്നു വരുന്നു. മീനഭരണി ദിവസം പാതിരിമറ്റത്തിലേക്ക് അമ്മ ആനപ്പുറത്തേറി എഴുന്നള്ളുന്നു. പാതിരിമറ്റത്തിലെത്തി തിരു ആറാട്ട് നടത്തി ദീപാരാധന കണ്ട് മടങ്ങുന്നു. ശേഷം കൊടിയിറങ്ങി പിറ്റേ ദിവസം പാതിരിമറ്റത്തിൽ ഗുരുതിയും നടക്കുന്നു.
ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഏഴ് കരകളിലേക്ക് നടക്കുന്ന ദേശവഴി എഴുന്നെള്ളത്തും അതിപ്രധാനമാണ്. ദേവി തന്റെ പ്രജകളെ കാണാൻ അവരുടെ വീടുകളിലേക്ക് എഴുന്നള്ളുന്നു എന്നാണ് സങ്കൽപം. എഴുന്നെള്ളി വരുന്ന ദേവിയെ ഭക്തർ വാദ്യമേളങ്ങളും താലപ്പൊലിയുമായി വീടുകളിലേക്ക് സ്വീകരിച്ച് പറ നൽകി യാത്രയാക്കുന്നതാണ് ദേശവഴി എഴുന്നെള്ളത്തിന്റെ ഐതിഹ്യം.
ഉത്സവകാലത്ത് ആറാട്ട് ദിവത്തെ കാളകെട്ടിനും വിശേഷാൽ പ്രാധാന്യം ഉണ്ട്. പുത്തൻ നെൽക്കതിരുകൾ കൊണ്ട് കാളയെ രൂപപ്പെടുത്തി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ കർഷകർ ക്ഷേത്രത്തിലേക്ക് കാളകെട്ട് എഴുന്നെള്ളിപ്പ് നടത്തുന്നു. ദേവിക്ക് വളരെയധികം ഇഷ്ടമുള്ള വഴിപാടാണിത്.
ക്ഷേത്രത്തിൽ മണ്ഡലകാലത്തെ കളമെഴുത്തുംപാട്ടും, കലം കരിക്കൽ വഴിപാടും വളരെ പ്രശസ്തമാണ്. ദാരിദ്ര ദുഃഖനിവാരണത്തിന് ദേവിക്ക് കലാകരിക്കൽ വഴിപാട് നടത്തുന്നത് അത്യുത്തമമാണ്.
വിനായക ചതുർത്ഥി, ആയില്യംപൂജ, നവരാത്രി, ദീപാവലി, മണ്ഡലകാല മഹോത്സവം എന്നിവയൊക്കെ വിശേഷ ദിവസങ്ങളാണ്. അമ്മയുടെ ഭരണി നാളിൽ എല്ലാമാസവും വഴിപാടായി ഭരണിയൂട്ട് നടന്നു വരുന്നു.
പ്രകൃതിഭംഗിയാൽ സുന്ദരമായ നെൽപ്പാടങ്ങളുടെ മധ്യഭാഗത്തായി ഉയർന്നു കാവ് സങ്കൽപത്തിൽ സ്ഥിതി ചെയ്യുന്ന തുരുത്തിപ്പള്ളി ക്ഷേത്രം കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ്.
ഇരുനാഴൂരി വെള്ളനേദ്യം, ഇരുനാഴൂരി കടുംപായസം, നടഗുരുതി, പൊങ്കാല, വറനേദ്യം എന്നിവ ക്ഷേത്രത്തിലെ വളരെ പ്രധാനപ്പെട്ട നിവേദ്യങ്ങളാണ്.
പവിത്രമായ പാതിരിമറ്റം ശ്രീമൂലസ്ഥാനം
കൊടുങ്ങല്ലൂരമ്മയുടെ അംശാവതാരമായാണ് തുരുത്തിപ്പള്ളി ഭഗവതിയമ്മ മറ്റക്കര നാട്ടിൽ എത്തിയതെങ്കിലും അമ്മയുടെ ശ്രീമൂലസ്ഥാനമായി കണക്കാക്കപ്പെടുന്നത് മറ്റക്കര തച്ചിലേട്ട് പുരയിടത്തിലെ പാതിരിമറ്റമാണ്. മീനമാസത്തിലെ അശ്വതി നാളിലാണ് അമ്മ ഇവിടെയെത്തിയത് എന്നാണ് സങ്കൽപം. അന്നം ചോദിച്ചെത്തിയ ഭഗവതിക്ക് അന്നം നൽകിയ തച്ചിലേട്ട് തറവാടിനും പാതിരിമറ്റത്തിനും ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. ഉത്സവനാളിലെ തിരു ആറാട്ട് നടക്കുന്നത് ശ്രീമൂലസ്ഥാനമായ പാതിരിമറ്റത്താണ്. തുടർന്ന് പിറ്റേ ദിവസം ഗുരുതിയും പാതിരിമറ്റത്ത് നടക്കുന്നു. ആദ്യകാലങ്ങളിൽ മീനമാസത്തിലെ അശ്വതി നാളിലാണ് പാതിരിമറ്റത്തിലേക്ക് അമ്മ എഴുന്നള്ളി ഗുരുതി നടന്നിരുന്നത്. അതിനാൽ അമ്മ മറ്റക്കര പാതിരിമറ്റത്തിൽ എത്തിയ മീനമാസത്തിലെ അശ്വതി നാളിന് പ്രത്യേകതയുണ്ട്. മീനത്തിലെ അശ്വതി നാളിൽ തന്നെ അമ്മയ്ക്ക് പാതിരിമറ്റത്തിൽ എത്തണം എന്ന് ക്ഷേത്രത്തിൽ അടുത്തിടെ നടന്ന ദേവപ്രശ്നത്തിലും തെളിഞ്ഞതാണ്.
പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം, തച്ചിലങ്ങാട്
ആദിപരാശക്തിയുടെ വിവധ രൂപങ്ങളായ ഭദ്ര, ദുർഗ്ഗ, യക്ഷി, ചാമുണ്‌ഡി, സരസ്വതീ, എന്നിവ ഒരു ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കാണപ്പെടുന്നത് അത്യപൂർവ്വമാണ്. മാത്രമല്ല ശക്തിസ്വരൂപിണിയായ ശ്രീഭദ്രാചൈതന്യം പടിഞ്ഞാറ് ദർശനമുളള പ്രധാന പ്രതിഷ്ഠയാകുന്നതും വളരെ ചുരുക്കമാണ്. അതു പോലെ തന്നെ സരസ്വതീദേവി ഉപദേവതാസ്ഥാനത്തുളള ക്ഷേത്രങ്ങളും കേരളത്തിൽ വിരലിലെണ്ണാവുന്നതേയുള്ളു. ഇക്കാരണങ്ങൾ കൊണ്ട് പുത്തേട്ട്കാവ് ഭഗവതിക്ഷേത്രം മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ത്‌തമാകുന്നു. ഭാരതീയ ദർശനമനുസരിച്ച് ഭൂമിയിൽ പിറന്നു വീഴുന്ന ഏതൊരുവന്റേയും വിജയത്തിനും ആയുരാരോഗ്യ സമ്പൽ സമൃദ്ധിയ്ക്കും ധർമ്മാർത്ഥകാമമോക്ഷങ്ങളായ പുരുഷാർത്ഥങ്ങൾക്കും നിദാനമായിരിക്കുന്നത് അവനവൻ്റെ കുടുംബ പരദേവതയുടെ സഹായഹസ്‌തങ്ങളാണ്. മറ്റക്കരയിലെ പുരാതനമായ പലതറവാടുകളുടേയും പരദേവതാസ്ഥാനം (പ്രത്യേകിച്ച് കിഴക്കനാട്ട്, വേഴക്കാട്ട്, തച്ചലങ്ങാട്) പുത്തേട്ട് കാവിലമ്മയിൽ നിക്ഷിപ്‌തമാണ്.
മറ്റക്കര പുത്തേട്ട്കാവ് ശ്രീഭഗവതിക്ഷേത്രത്തെപ്പറ്റി വന്ദ്യവയോധികരായ കാരണവന്മാരിൽ നിന്നുള്ള കേട്ടറിവുകളല്ലാതെ ക്ഷേത്രത്തിൻ്റെ ഉല്പത്തിയെപറ്റിയോ ആചാരനുഷ്‌ഠാനങ്ങളെപ്പറ്റിയോ സുവ്യക്തമായ ചരിത്രരേഖകൾ ഒന്നും 'തന്നെ ലഭ്യമല്ല. എന്നിരുന്നാലും ദൈവജ്ഞന്മാരുടെ അഭിപ്രായമനുസരിച്ച് അതി പുരാതനമായ ഈ ക്ഷേത്രത്തിന് 2700 വർഷത്തിലേറെ പഴക്കമുണ്ടെന്നും പ്രാചീനകാലത്ത് അത്യാഡംബരമായിട്ടുള്ള വെച്ചാരാധനയുടെ ഒരു സുവർണ്ണകാലഘട്ടം ഉണ്ടായിരുന്നതായും അറിയുന്നു. സഹസ്രാബ്‌ദങ്ങൾക്ക് മുമ്പ് ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് ഒരു ബ്രാഹ്മണകുടുംബമുണ്ടായിരുന്നുവെന്നും അവരുടെ ആരാധനമൂർത്തികളായിരുന്ന ദുർഗ്ഗയും, ഭദ്രയും, ശാസ്‌താവും (പ്രഭ എന്ന പത്നിയോടും സത്യകൻ എന്ന പുത്രനോടും ചേർന്നിരിക്കുന്ന കുടുംബസ്ഥഭാവത്തിലാണ് പുത്തേട്ട്കാവിലെ ശാസ്‌താപ്രതിഷ്ഠ. പ്രാചീനകാലത്ത് ദേശാധിപത്യവുമുണ്ടായിരുന്ന ശാസ്താവ് "മറ്റക്കരയപ്പൻ" എന്ന പേരിൽ അറിയപ്പെട്ടിരുന്നു) അന്യം നിന്നുപോയ ആ ഇല്ലത്തിൻ്റെ കാലശേഷം വളരെ സുദീർഘമായ കാലയളവിൽ ജീർണ്ണാവസ്ഥയിൽപെട്ടുപോയ ഈ ദേവസ്ഥാനം കാലാന്തരത്തിൽ സ്ഥലമുടമയായ തച്ചിലങ്ങാട്ട് കാരണവരും പ്രസിദ്ധ ജ്യോതിഷിയും മാന്ത്രികനുമായിരുന്ന ശ്രീ കോവൂർ ശങ്കരപ്പിള്ള ഏകദേശം 75 വർഷങ്ങൾക്ക് മുമ്പ് കുടുംബ ക്ഷേത്ര മാതൃകയിൽ പണികഴിപ്പിച്ചു.
മലയാളമാസം ഒന്നാം തീയതിയും സംക്രാ ന്തിദിവസവുമായി രണ്ട് നേരത്തെ പൂജയും മണ്ഡലക്കാലയളവിൽ ഗുരുതിപൂജയും നടത്തിയിരുന്നു അദ്ദേഹത്തിൻ്റ മകൻ തച്ചലങ്ങാട്ട് ചന്ദ്രൻപിള്ളയും ഇതേ രീതിതന്നെ അനുവർത്തിച്ചു പോന്നു. അദ്ദേഹത്തിൻ്റെ കാലശേഷം മകനും പുത്തേട്ട്കാവ് ദേവസ്വം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റിയുമായ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ തച്ചലങ്ങാട്ട് കുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടേയും സഹായസഹകരണങ്ങളോടെ പുജകൾ ഇപ്പോഴത്തെ രീതിയിൽ ക്ഷേത്രാചാരങ്ങളിലേക്ക് കൊണ്ടുവന്നു. ക്ഷേത്രജീർണ്ണാവസ്ഥകൾ പരിഹരിക്കാനായി നടത്തിയ ദേവപ്രശ്‌നത്തിൽ ദേശവാസികൾക്കും കുടുംബാംഗങ്ങൾക്കും വന്നുഭവിക്കുന്ന ദുരിതങ്ങൾക്കും അപമൃത്യുതുടങ്ങിയ അരിഷ്ടതകൾക്കും മൂല കാരണം ഇവിടെ കുടികൊള്ളുന്ന ചൈതന്യത്തിൻ്റെ അപ്രീതിയാണെന്നും കുടുംബക്ഷേത്രമെന്ന നിലവിട്ട് ദേശാധിപത്യത്തിലേക്ക് വരണമെന്നും കണ്ടെത്തി. ദോഷപരിഹാരാർത്ഥമായി ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പരിഹാര ക്രിയകളുടെ ഫലമായി പുനരുദ്ധാരണ പ്രക്രിയത്വരിതഗതിയിലാകുകയും സരസ്വതീദേവിയുടെ ഒഴിച്ച് മറ്റുള്ള എല്ലാ ശ്രീകോവിലുകളുടേയും തിടപ്പിള്ളി, കിണർ, നമസ്‌കാരമണ്ഡപം ഇവയുടെ പണി പൂർത്തീകരിക്കുകയും ചെയ്‌തു. ഇനി നിർമ്മിക്കേണ്ടതായ സരസ്വതീദേവിയുടെ ശ്രീകോവിൽ, ചുറ്റമ്പലം, ചുറ്റുമതിൽ, ശാന്തിമഠം, ഇവ ഘട്ടംഘട്ടമായി പൂർത്തീകരിക്കുവാൻ പദ്ധതിയിട്ടിയിരിയ്ക്കുന്നു. അങ്ങനെ, 2010 മെയ് 23-ന് പുത്തേട്ട്കാവ് ദേവി ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തുകയുമുണ്ടായി.
കോവൂർ ശ്രീ ധർമ്മ ദൈവ ക്ഷേത്രം, തച്ചിലങ്ങാട്
കോവൂർ കുടുംബത്തിൽപെട്ട ആളുകൾ മറ്റക്കരയിൽ കുടിയേറിയിട്ട് 980 വർഷം കഴിഞ്ഞു. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ സമീപത്തായിരുന്നു ഈ കുടുംബത്തിന്റെ ആദി താമസം. രാജാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഈ കുടുംബം കേരളത്തിലെ പല ഭാഗങ്ങളിലായി മാറി താമസിച്ചത്. അങ്ങനെയാണ് ഇവർ മറ്റക്കരയിലേക്കും കുടിയേറി താമസിച്ചത്. ഇവിടെ അവർ ഒരു കുടുംബക്ഷേത്രം പണിയുകയും അതിന് കോവൂർ ശ്രീ ധർമ്മ ദൈവക്ഷേത്രം എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. കോവൂർ കുടുംബത്തിലെ മക്കളിൽ ഒരാൾ തച്ചിലേട്ട് എന്ന സ്ഥലത്തേക്ക് കുടിയേറി താമസിക്കുകയും അവിടേക്കു ദേവി ചൈതന്യം കടന്നു ചെല്ലുകയും ചെയ്തതാണെന്നു ഐതിഹ്യം പറയുന്നു.
ശ്രീ അയ്യൻഭട്ടർ ധർമ്മശാസ്ത്ര ക്ഷേത്രം, കുറ്റിയാനിക്കൽ
കുറ്റിയാനിക്കൽ ശ്രീ അയ്യൻഭട്ടർ ധർമ്മശാസ്ത്ര ക്ഷേത്രം അയ്യൻഭട്ടർ ശാസ്ത്രന്റെ കുടുംബ ക്ഷേത്രമായിരുന്നു. പിന്നീട്, അയ്യൻഭട്ടർ ശാസ്ത്രന്റെ കുടുംബം ബോംബെയിലേക്ക് താമസം മാറിയപ്പോൾ, ഈ ക്ഷേത്രം പരപ്പിള്ളി കുറുപ്പിനെ ഏൽപ്പിച്ചുവെന്നാണ് ഐതിഹ്യം. കുറ്റിയാനിക്കൽ ശ്രീ അയ്യൻഭട്ടർ ധർമ്മശാസ്ത്ര ക്ഷേത്രം പുനഃസ്ഥാപിച്ചിട്ട് ഇപ്പോൾ ഏകദേശം 75 വർഷമായി. തിരുവല്ലയിൽ ഉള്ള ഗോവിന്ദപിള്ളയാണ് അമ്പലത്തിന്റെ കോൺട്രാക്ട് ഏറ്റെടുത്തത്. ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ ആണ് ക്ഷേത്രം പണിയുന്നത്. ആറ് സെന്റ് സ്ഥലത്ത് മതിൽ കെട്ടി എടുത്താണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്.
ശ്രീധർമ്മശാസ്താ ക്ഷേത്രം, തുരുത്തിപ്പള്ളി
കോട്ടയം ജില്ലയിൽ അകലകുന്നം ഗ്രാമത്തിലെ തുരുത്തിപ്പള്ളി കുടിയിലാണ് അതിപുരാതനമായ ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രാധാന്യം തെക്കൻകൂർ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ചു. പ്രാരംഭഘട്ടങ്ങളിൽ ഈ ക്ഷേത്രത്തിൽ ശാസ്താവ് മാത്രം പ്രതിഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. 1995-ൽ, ക്ഷേത്രത്തിൽ ഗണപതിയെ കൂടി പ്രതിഷ്ഠിച്ചു, ഇതോടെ ക്ഷേത്രത്തിന്റെ മഹത്ത്വം ഉയർന്നുവന്നു. 1995-ൽ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയും നടന്നു. തുരുത്തിപ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന ഉത്സവം മകരമാസത്തിൽ നടത്തപ്പെടുന്നു. മകരം ഒന്നുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ ഈ ഉത്സവം നടക്കുന്നു. ഈ ദിവസം ഹിന്ദു മതവിശ്വാസികൾ ക്ഷേത്രത്തിൽ എത്തി ഭക്തിപൂർവ്വം പ്രാർത്ഥന നടത്തുകയും, ദേവനുഗ്രഹം തേടുകയും ചെയ്യുന്നു. ക്ഷേത്രത്തിലെ ഉത്സവം സമൂഹത്തിലെ ആനന്ദത്തിന്റെയും ആത്മീയ പുണ്യത്തിന്റെയും പ്രധാനഘടകമായി മാറിയിരിക്കുന്നു. സമഗ്രമായി, തുരുത്തിപ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം ഒരു ദൈവിക കേന്ദ്രമാണ്, എല്ലാ ദൈവഭക്തർക്കും ആധികാരികമായ ഒരു ആരാധനാലയമാണ്.
അയിയൂർ മഹാദേവ ക്ഷേത്രം
അയിയൂർ മഹാദേവ ക്ഷേത്രം
വിശ്വകർമ ക്ഷേത്രങ്ങൾ
1. ശ്രീ അർദ്ധനാരീശ്വര പരദേവതാക്ഷേത്രം, കുറുപ്പുംഞ്ചേരിൽ
2. മുളവകുന്നേൽ ദേവി ക്ഷേത്രം, കിളിയൻകുന്ന്
3. തച്ചിലങ്ങാട് വിശ്വകർമ്മക്ഷേത്രം, തച്ചിലങ്ങാട്
എസ്.എന്‍.ഡി.പി ക്ഷേത്രങ്ങള്‍
ശ്രീനാരായണഗുരുമന്ദിരം, മണൽ
സർപ്പക്കാവുകള്‍
സർപ്പകാവ്, അഥവാ നാഗബന്ന, കേരളത്തിലും തുളുനാടും കാണപ്പെടുന്ന പാമ്പുകളുടെ വാസസ്ഥലമാണ്. ഇത് പരമ്പരാഗത വീടുകളുടെ സമീപത്താണ് സ്ഥിതിചെയ്യുന്നത്, ഇവിടം പാമ്പുകൾ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. സർപ്പകാവുകളിൽ സാധാരണയായി നാഗരാജാവിനെയു (പാമ്പുകളുടെ രാജാവ്) മറ്റു നാഗദേവതകളെയും (സർപ്പദേവതകൾ) പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടെയുണ്ടാകുന്ന പ്രത്യേക ചടങ്ങുകളും വഴിപാടുകളും ആചാരങ്ങളും പ്രധാനമാണ്. എല്ലാ ജാതിയിലും നിന്നുള്ള ഭക്തർ ഇവിടത്തെ ആചാരങ്ങൾ സമർപ്പിതമായി അനുഷ്ഠിക്കുന്നു. എന്നാൽ, ആചാരങ്ങൾ നടക്കുമ്പോഴുള്ള സമയമൊഴികെ സർപ്പകാവിൽ പ്രവേശനം നിരോധിച്ചിരിക്കുന്നു.
1. കോവൂർ സർപ്പക്കാവുകൾ
2. വെന്ദംപുറത്ത് സർപ്പക്കാവുകൾ
3. കുളത്തുകര സർപ്പക്കാവുകൾ
4. പുന്നയ്ക്കാമറ്റം സർപ്പക്കാവുകൾ
5. മനക്കുന്നത്ത് സർപ്പക്കാവുകൾ
6. മുണ്ടമറ്റം സർപ്പക്കാവുകൾ
.
7. പനമറ്റം സർപ്പക്കാവുകൾ
8. നാഗമറ്റം സർപ്പക്കാവുകൾ
9. കുറ്റിയാനിക്കൽ സർപ്പക്കാവുകൾ
10. പുള്ളിയിൽ സർപ്പക്കാവുകൾ
11. പുളിമുട്ടിൽ സർപ്പക്കാവുകൾ
എന്നീ തറവാടുകളുടെ പേരിലുള്ള സർപ്പകാവുകളാണ് മറ്റക്കരയിലുള്ളത്. വർഷംതോറും ഇവിടെ സർപ്പങ്ങൾക്ക് നൂറും പാലും നിവേദിക്കാറുണ്ട്. ഒരു പക്ഷേ കേരളത്തിൽ ഇത്രയും സർപ്പകാവുകൾ ഉള്ള ഒരു സ്ഥലം വേറെ കാണില്ല.
പറപ്പള്ളിൽ കളരി
നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പാറപ്പള്ളിൽ കളരി പുനർനിർമ്മാണത്തിനുശേഷം ദേവതകളെ കുടിയിരുത്തി. കുടുംബ കാരണവർ സുകുമാരൻ കുഞ്ഞിയാണ് ദേവതകളെ കുടിയിരുത്തിയത്. പ്രധാന ദേവത ഭദ്രകാളിയാണ്. കൂടാതെ ഭൈരവൻ, ഗുരുനാഥൻ, ഗണപതി, ശാസ്താവ്, പരദേവത എന്നീ സങ്കൽപ്പങ്ങളുമുണ്ട്. എല്ലാ ദേവതകളും കുടികൊള്ളുന്നത് കളരിയുടെ ഉൾഭാഗത്തുള്ള ഗർഭ ഗൃഹത്തിലാണ്. തെക്കൻകൂർ രാജാക്കന്മാരുടെ അധീനതയിലുള്ള പ്രദേശത്തെ പ്രഭു കുടുംബക്കാരായിരുന്ന പറപ്പള്ളിൽ കുടുംബക്കാരുടേതാണ് ഈ ആയുധ കളരി. കുടുംബത്തിന്റെ നാലുകെട്ടും ഒപ്പം കളരിയും നാശൻ മുഖമായി. കളരിയുടെ തറയും പ്രതിഷ്ഠകളും അവിടെ അവശേഷിച്ചു.
വർഷങ്ങളോളം കാടുപിടിച്ചു കിടന്ന ഈ സ്ഥലത്ത്, അടുത്തകാലത്ത് ഉണ്ടായ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് കളരി പുനർനിർമ്മിക്കുവാൻ തീരുമാനമായത്. പറപ്പള്ളിൽ കളരി ട്രസ്റ്റിന്റെ ചുമതലയിലാണ് പുനർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. കേരള സർക്കാരിന് കീഴിൽ ആറന്മുളയിൽ ഉള്ള വാസ്തുവിദ്യ ഗുരുകുലം ആണ് പുനർ നിർമ്മിച്ച കളരിയുടെ രൂപരേഖ തയ്യാറാക്കിയത്. വെട്ടുകല്ലും മരവും തറയോടും മറ്റു ഉപയോഗിച്ച തികച്ചും പരമ്പരാഗത രീതിയിലുള്ള വാസ്തുവിദ്യ ശൈലിയിലാണ് കളരി പുനർ നിർമ്മിച്ചത്. പഴയകാലത്ത് രാജാവിനെ സഹായിക്കുന്നതിനുള്ള പടയാളികളെ സജ്ജരാക്കുന്ന ആയുധ കളരിയായിരുന്നു പറപ്പള്ളിൽ കളരി എന്ന് കരുതപ്പെടുന്നു. മറ്റക്കര കുറ്റ്യാനിക്കൽ അയ്യൻ ഭട്ടർ ശാസ്താക്ഷേത്രത്തിന് സമീപമാണ് കളരി നിലകൊള്ളുന്നത്. കളരിയിൽ പരിശീലനം ആരംഭിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
നസ്രാണികളും പള്ളികളും
മറ്റക്കരയിലെ കത്തോലിക്കർ
1. തിരുക്കൂടംബ ദേവാലയം, മറ്റക്കര
2. ദിവ്യകാരുണ്യ ഇടവക ദൈവാലയം, കരിമ്പാനി
3. സെന്റ് അൽഫോൻസാ ചർച്ച്, നെല്ലിക്കുന്ന്
4. സെന്റ് സെബാസ്റ്റ്യൻ ചർച്ച്, മഞ്ഞാമറ്റം
5. സെന്റ് ജോർജ് പള്ളി, മണ്ണൂർപള്ളി
6. സെന്റ് ആന്റണീസ് പള്ളി, പാദുവ
തിരുക്കൂടംബ ദേവാലയം, മറ്റക്കര
ചേർപ്പുങ്കൽ, കൊഴുവനാൽ, കുരുവിനാൽ, പാലാ എന്നീ പള്ളികളായിരുന്നു നമ്മുടെ പൂർവ്വികരുടെ മാതൃ ഇടവകകൾ. സകുടുംബം മേൽപ്പറഞ്ഞ പള്ളി കളിലേക്ക് അതിരാവിലെ തന്നെ കൊതുമ്പു ചൂട്ടുമായി അവർ പുറപ്പെടുമായിരുന്നു. കാടും മേടും കടന്ന് വന്യമൃഗങ്ങളുടെയും ക്ഷുദ്രജീവികളുടെയും ആക്രമണങ്ങൾ അതിജീവിച്ച് വേണമായിരുന്നു അവർക്ക് പോകുവാൻ. വിവാഹം, മൃതസംസ്കാരം എന്നീ കർമ്മങ്ങൾക്കായി ഈ പള്ളികളിൽ എത്തിച്ചേരുക എന്നത് ദുഷ്കരമായിരുന്നു. ഇതിനൊരു പരിഹാരം കാണുവാൻ മറ്റക്കര പ്രദേശത്തുള്ള 176 കുടുംബങ്ങൾ ഒത്തുചേർന്ന് ഒരു കുരിശു പള്ളി സ്ഥാപിക്കുന്നതിനുള്ള കൂട്ടായ ചർച്ചകൾ നടത്തുകയുണ്ടായി. ഏതാണ്ട് നാലുവർഷത്തെ പരിശ്രമഫലമായി ഇവിടെ ഒരുകുരിശുപള്ളി സ്ഥാപിക്കുന്നതിനുള്ള അനുവാദം അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിൽ നിന്നും, ചങ്ങനാശ്ശേരി മെത്രാൻ അഭിവന്ദ്യ മത്തായി മാക്കിൽ പിതാവിൽ നിന്നും ലഭിച്ചു.
കുരിശുപള്ളി സ്ഥഥാപിക്കുന്നതിനായി കാവുംപുറം, പള്ളിക്കൂടം പറമ്പ് തുടങ്ങി പല സ്ഥലങ്ങളും നിർദ്ദേശിക്കപ്പെട്ടു. എന്നാൽ ഇന്ന് പള്ളി നിൽക്കുന്ന താരതമ്യേന ഉയർന്ന പ്രദേശമാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ചേർപ്പുങ്കൽ പ്രദേശത്ത് നിന്നും കുടിയേറിയവരായ കൊങ്ങമ്പുഴ കീച്ചേരിൽ മാണി അഗസ്തി, അറയ്ക്കൽ തെക്കുംമറ്റത്തിൽ തൊമ്മി ഭാര്യ ഏലി എന്നിവരുടെ വകയായിരുന്ന കല്ലിടയിൽ പുരയിടമായിരുന്നു ഈ സ്ഥലം. ഇരുവരും സ്ഥലം പള്ളിക്ക് ദാനമായി നൽകാമെന്ന് സമ്മതിച്ചു. പള്ളി സ്ഥാപിക്കുന്നതിനുള്ള അനുവാദം വാങ്ങുവാൻ പ്രതിഫലേച്ഛ കൂടാതെ സഹായിച്ച കുമ്മനം ഗോവിന്ദപ്പിള്ള വക്കീലിനെ നന്ദിയോടെ ഓർക്കാം. ദാനശീലരായ കോവൂർ കുടുംബത്തിലെ ശ്രീ. പത്മനാഭപിള്ള നീലകണ്ഠപ്പിള്ളയെ പ്രത്യേകമായി സ്മരിക്കേണ്ടതുണ്ട്. പള്ളി മുറ്റത്തെ വലിയ കിണറും അതിനടുത്തുള്ള കരിങ്കൽ കുഴിയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഈ സ്ഥലത്തിന്റെ അന്നത്തെ അളവ് ഏഴുപറ വിത്തുപാടമായിരുന്നു. ജന്മികളായ കോവൂർ കുടുംബക്കാർ സന്തോഷത്തോടെ ഇതിനെ അംഗീകരിച്ചു. സ്ഥലദാതാക്കളെയും അവരുടെ അവകാശികളെയും വിവാഹത്തിനുള്ള 'അയിനി' വിഹിതം കൊടുത്ത് ഇടവക ആദരിച്ചിരുന്നു. അയിനി എന്നതുകൊണ്ടർത്ഥമാക്കുന്നത് മണവാളന്റെ സഹോദരി പള്ളിയിലേക്ക് പുരോ ഹിതന്മാർക്കായി നൽകിയിരുന്ന അപ്പമാണ്. ഇതിന്റെ ഒരു വിഹിതം എല്ലാ ചടങ്ങളുകളിലും സ്ഥലദാതാക്കൾക്ക് നൽകിയിരുന്നു.
1902 ലെ 191-ാം നമ്പർ കൽപ്പന പ്രകാരം അഭി. മെത്രാനച്ചൻ മറ്റക്കര കുരിശുപള്ളിയെ ഒരു സ്വതന്ത്ര ഇടവകയാക്കി ഉയർത്തി. മറ്റക്കരപ്പള്ളിയുടെ അതിർത്തി നിശ്ചയിക്കുന്നതിന് കൊഴുവനാൽ പള്ളി വികാരിയച്ചനെ കമ്മീഷനായും നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിൻ പ്രകാരം അതിർത്തി തിരിച്ചു കൊണ്ടുള്ള 820-ാം നമ്പർ കൽപ്പന ബഹുമാനപ്പെട്ട മെത്രാസനമന്ദിരത്തിൽ നിന്നുമുണ്ടായി. അങ്ങനെ ഇന്നാട്ടുകാരുടെ ഒരു ചിരകാലസ്വപ്നം പൂവണിയുകയും ചെയ്തു.
തിരുക്കൂടംബ ദേവാലയത്തിന് കിഴിലുള്ള ചാപ്പലുകൾ
ക്രിസ്തുരാജ് ചാപ്പല്‍, വടക്കേടം
സെന്റ് ജോർജ് ചാപ്പല്‍, മണല്‍
ദിവ്യകാരുണ്യ ഇടവക ദൈവാലയം, കരിമ്പാനി
കരിമ്പാനി ഭാഗത്തുള്ള കുട്ടികൾക്ക് മറ്റക്കര പള്ളിയിൽ വന്ന് വേദപാഠം പഠിക്കുവാനുള്ള ക്ലേശങ്ങൾ കാരണം അവിടെയൊരു കുരിശുപള്ളി പണിയുവാൻ അന്നാട്ടുകാർ ആഗ്രഹിച്ചു. 1920 ജൂൺ 8-ാം തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരം അവിടെ 4 സെന്റ് സ്ഥലം വാങ്ങി പള്ളിക്കാര്യത്തിൽ നിന്നും ഒരു കുരിശുപള്ളി പണിതു. കുരിശുപള്ളിയിൽ ഞായറാഴ്ച ദിവസങ്ങളിലും വിശേഷാൽ ദിവസങ്ങളിലും വി.കുർബ്ബാന അർപ്പിക്കണമെന്ന അന്നാട്ടുകാരുടെ അഭിലാഷത്തിന് രൂപത കേന്ദ്രത്തിൽ നിന്നും അനുമതി ലഭിച്ചില്ല. വൈദികരുടെ അഭാവമായിരുന്നു കാരണം.
1939 ജൂലൈ 3-ാം തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരം നാല് സെൻ്റ് സ്ഥലവും കുരിശുപള്ളിയും ദിവ്യകാരുണ്യ മിഷനറി സഭയ്ക്ക് (MCBS) കൈമാറി. സ്ഥലവാസികൾ പിരിച്ചെടുത്ത 500 രൂപ ആശ്രമത്തിന് നൽകുകയുണ്ടായി. 1940 മെയ് 14 ന് അവിടെ സഭയുടെ ആശ്രമം സ്ഥാപിച്ചു. എല്ലാ ദിവസവും ദിവ്യബലി നടത്തുകയും ചെയ്തു. മറ്റക്കര ഇടവകക്കാർക്കു പുറമേ മണ്ണൂർ, മുഴൂർ, കൊഴുവനാൽ എന്നീ പ്രദേശങ്ങളിലെ അംഗങ്ങൾക്ക് ഇത് അനുഗ്രഹമായിരുന്നു. തുടർന്ന് തുപ്പലഞ്ഞിയിൽ കുടുംബം, പുറ്റത്താങ്കൽ കുടുംബം, പാറയ്ക്കൽ കുടുംബം എന്നിവർ ചേർന്ന് മറ്റക്കര പള്ളിയ്ക്ക് നല്കാൻ നിശ്ചയിച്ചിരുന്ന 6 ഏക്കർ 16 സെന്റ് സ്ഥലം ആശ്രമത്തിന് ദാനമായി നൽകി. ആശ്രമത്തിന് മുൻവശത്തുള്ള 40 സെന്റ് സ്ഥലം സ്ഥലവാസികൾ പിരിവെടുത്ത് വാങ്ങിച്ച് നൽകുകയും ചെയ്‌തു.
1989 ജനുവരി 22-ാം തീയതി മറ്റക്കര പള്ളിയിലെ സന്ദർശനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ അഭിവന്ദ്യ പിതാവ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ സംബന്ധിക്കുകയുണ്ടായി. പ്രസ്‌തുത യോഗത്തിൽ വെച്ച് കരിമ്പാനി ആശ്രമം പള്ളിയെ ഇടവകയാക്കുന്നതിന്റെ പ്രാരംഭമായി ആശ്രമ സുപ്പീരിയർ രക്ഷാധി കാരിയായും ശ്രീ. എം.സി. ജോസഫ് മറ്റക്കരോട്ട് കൺവീനറായും ഒരു സബ് കമ്മിറ്റിയെ നിയമിച്ചു. വർക്കി പുറ്റത്താങ്കൽ, തോമസ് മറ്റക്കരോട്ട്, ഔസേപ്പച്ചൻ കുപ്പപുഴയ്ക്കൽ, ഫ്രാൻസീസ് പാറയ്ക്കൽ എന്നിവർ അംഗങ്ങളായിരുന്നു. അഭിവന്ദ്യ പിതാവ് സബ് കമ്മറ്റിയുമായും, എം.സി.ബി.എസ്. സുപ്പീരിയർ ജനറലുമായും പലതവണ ചർച്ചകൾ നടത്തി.
1998 മെയ് 11 ന് കരിമ്പാനി ആശ്രമം പള്ളി ഒരു സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. മറ്റക്കര, കൊഴുവനാൽ, മുഴൂർ എന്നീ ഇടവകകളിലെ പല കുടുംബങ്ങളും പുതിയ ഇടവകയുടെ ഭാഗമായി. മറ്റക്കര പള്ളിയിൽ നിന്നും തലത്താറ പുരയിടത്തിലെ ഒന്നേ മുക്കാൽ ഏക്കർ സ്ഥലം കരിമ്പാനിപ്പള്ളിയ്ക്ക് വീതമായി നൽകി.
ദിവ്യകാരുണ്യ ഇടവക ദേവാലയത്തിന് കിഴിലുള്ള ചാപ്പലുകൾ
സെന്റ് ജോർജ് ചാപ്പല്‍, കരിമ്പാനി
മരിയൻ കുരിശടി, കരിമ്പാനി
സെന്റ് അൽഫോൻസാ ദൈവാലയം, നെല്ലിക്കുന്ന്
1966 ലെ 1232-ാം നമ്പർ ദാനാധാര പ്രകാരം കോടി കുളത്ത് കുര്യൻ വർക്കി, വാക്കയിൽ പൂച്ചാലയിൽ ഔസേപ്പ് ജോസഫ്, പുള്ളിയിൽ ഔസേപ്പ് മത്തായി എന്നിവർ ചേർന്ന് നെല്ലിക്കുന്ന് കോടിക്കുളം ഭാഗത്ത് പള്ളി സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനം ചെയ്തു. എന്നാൽ കുരിശുപള്ളിയുടെ പണി തീർന്നത് 1985 ലാണ്. 1986 ജൂലൈ 28 ന് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവ് കുരിശുപള്ളി വെഞ്ചരിച്ച് ആദ്യമായി ദിവ്യബലിയർപ്പിച്ചു. അന്നുമുതൽ ബഹു. വികാരിയച്ചൻ റവ. ഫാ.ജോർജ്ജ് ഞായറാഴ്‌ചകളിൽ അവിടെ വി.കുർബാന അർപ്പിച്ചുപോന്നു തുടർന്ന് റവ.ഫാ.ജോസഫ് വെട്ടത്തേൽ മറ്റക്കര പള്ളിയുടെ അസിസ്റ്റന്റ് വികാരിയാ യി വന്നു.
1987 മാർച്ച് 15 മുതൽ ഫാ. ജോസഫ് വെട്ടത്തേൽ സങ്കീർത്തിയിൽ താമസിച്ച് ദിവസേനകുർബാന അർപ്പിച്ചുപോന്നു. അതിനുശേഷം വന്ന ഫാ. ജോസഫ് പരവുമ്മേൽ മറ്റക്കര പള്ളിയിൽ താമസിച്ച് അൽഫോൻസാഗിരി പള്ളിയിൽ പോയി ദിവ്യബലിയർപ്പിച്ച് തിരികെ പോന്നിരുന്നു. 1987 മെയ് 9 മുതൽ കൈക്കാരൻമാരും പ്രതിനിധിയോഗവുമുള്ള കുരിശുപള്ളിയായി അൽഫോൻസാഗിരി മാറി. 1993 സെപ്തംബർ 14 ന് ഈ പള്ളി സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. മറ്റക്കര പള്ളിയിൽ നിന്നും പള്ളി പണിയ്ക്കായി നൽകിയിരുന്ന 65000/- രൂപയ്ക്ക് പുറമെ സ്വത്തുവിഹിതമായി തലത്താറപ്പുരയിടത്തിലെ ഒന്നരയേക്കർ സ്ഥലവും പ്രസ്‌തുത പള്ളിക്ക് നൽകി.
നമ്മുടെ ഇടവകയിലെ 65 വീട്ടുകാരെ കൂടാതെ കൊഴുവനാൽ, പാദുവാ, ചെമ്പിളാവ് എന്നീ ഇടവകകളിലെ കുറേ കുടുംബങ്ങളും ഈ ഇടവകയിലെ അംഗങ്ങളായി. 2009 ൽ പഴയ കുരിശുപള്ളി പൊളിച്ച് പുതിയ പള്ളി പണിയുവാൻ തറക്കല്ലിട്ടു. 2011 ൽ പുതിയ പള്ളിയുടെ വെഞ്ചരിപ്പുകർമ്മവും നടന്നു. ക്രൈസ്തവസമൂഹത്തിൻ്റെ ചരിത്രം അതിതീവ്രമായ കഠിനാധ്വാനത്തിന്റേയും അചഞ്ചലമായ സമർപ്പണത്തിൻ്റെയും ഫലമാണെന്നത് ഈ ചരിത്രവസ്തുതകൾ വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.
സെന്റ് അൽഫോൻസാ ദേവാലയത്തിന് കിഴിലുള്ള ചാപ്പലുകൾ
ലൂർദ്ദ് മാതാ കപ്പേള, നെല്ലിക്കുന്ന്
വി.അൽഫോൻസാ, കപ്പേള
സെന്റ് സെബാസ്റ്റ്യൻ ദൈവാലയം, മഞ്ഞാമറ്റം
1917 ൽ പൊട്ടക്കുളത്തു പറമ്പിൽ ഒരു പ്രൈമറി സ്കൂൾ സ്വകാര്യവ്യക്തിയുടെ മാനേജ്മെന്റിൽ ആരംഭിച്ചു. 1956 ൽ അഞ്ചാലയ്ക്കൽ ചാക്കോ സ്‌കൂൾ നടത്തുവാൻ ദാനമായി നൽകിയ അഞ്ചാലക്കൽ പറമ്പിൽ കെട്ടിടം പണി ആരംഭിച്ചു. പണിതീർന്നപ്പോൾ ഈ കെട്ടിടത്തിലേക്ക് പൊട്ടക്കുളത്തുള്ള സ്‌കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഈ സ്‌കൂൾ പെൺകുട്ടികൾക്ക് സ്ഥാപിച്ചതിനാൽ മറ്റക്കര ക്ലാരമഠത്തിൽ നിന്നുള്ള സിസ്റ്റേഴ്‌സ് 1936 മുതൽ ഇവിടെ വന്ന് അദ്ധ്യാപനം നടത്തിയിരുന്നു. പിന്നീട് മഞ്ഞാമറ്റത്ത് ക്ലാരമഠം സ്ഥാപിതമായി. 1948 ൽ യു.പി സ്‌കൂളായും 1953 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1955 ഡിസംബർ 7 ന് മറ്റക്കര മഠത്തിന്റെ ഒരു ശാഖ മഞ്ഞാമറ്റത്ത് ആരംഭിച്ചു. 1962 ൽ അത് ഒരു പൂർണ്ണമഠമായി തീരുകയും ചെയ്തു.
1952 ൽ അഞ്ചാലക്കൽ ഇട്ടി ഐപ്പ് ഒരേക്കർ സ്ഥലം നിത്യ കുർബ്ബാനയ്ക്കായി പള്ളിയുടെ പേർക്ക് എഴുതി നൽകിയിരുന്നു. അവിടെ ഒരു കുരിശു പള്ളി പണിയുവാൻ 1958 ജൂലൈ 3ന് ശിലാസ്ഥാപനം നടത്തി. 1959 ന് ഭാഗികമായി പണിതീർത്ത കുരിശുപള്ളിയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. ബഹു. പോൾ നായ്ക്കരക്കുടിയച്ചനെ ഇവിടുത്തെ അസിസ്റ്റന്റ്റ് വികാരിയായി അഭിവന്ദ്യ പിതാവ് നിയമിച്ചു. 1962 ഫെബ്രുവരി 18 ന് അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ പിതാവ് പള്ളി വെഞ്ചരിച്ചു. ബഹു. പോൾ നായ്ക്കര കുടിയിലച്ചൻ അസി. വികാരിയായി നിയമിതനുമായി. ബഹു. തൊട്ടുവേലിൽ ജോൺ അച്ചൻ രണ്ടാമത്തെ അസിസ്‌റ്റന്റ് വികാരിയായി വന്നു. 1971 ഡിസംബറിൽ മഞ്ഞാമറ്റം കുരിശു പള്ളി സ്വതന്ത്ര ഇടവകയായി. ബഹു. ജോൺ തൊട്ടുവേലിൽ അച്ചൻ ആദ്യവികാരിയായി നിയമിക്കപ്പെടുകയും ചെയ്തു. മറ്റക്കര ഇടവകയിൽ നിന്നും 120 ഇടവകക്കാർ മഞ്ഞാമറ്റം ഇടവകയിലായി. പള്ളിവക തലത്താറപുരയിടത്തിൽ നിന്നും 2.5 ഏക്കർ സ്ഥലം മഞ്ഞാമറ്റം പള്ളിയ്ക്ക് വീതമായി നൽകുകയും ചെയ്‌തു.
സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് കിഴിലുള്ള ചാപ്പലുകൾ
കടിയനാട് കുരിശ്ശ് പള്ളി, മഞ്ഞാമറ്റം
സെന്റ് ആന്റണി ദൈവാലയം, പാദുവ
1921 ഫെബ്രുവരി 21- -ാം തിയ്യതി മറ്റക്കര പള്ളി വികാരി ഫാ.തോമസ് പുറക്കരയിൽ വിശുദ്ധ അന്തോണീസിന്റെ നാമത്തിൽ ഒരു കുരിശുപള്ളിക്ക് മറ്റക്കരയിൽ തകിടിയേൽ പുരയിടത്തിൽ സർവ്വേ നമ്പർ 75/7 എ.ബി യിൽ തറക്കല്ലിട്ടു മറ്റക്കര പള്ളിയുടെ ആദ്യ വികാരി ഫാ. മത്തായി കൂർക്കമറ്റത്തിൽ അന്ന് മറ്റക്കരയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അച്ഛന്റെ വീട് പുതുതായി പണിയുന്ന കുരിശുപള്ളിയ്ക്കടുത്തായിരുന്നു അഭിവന്ദ്യ കുര്യാളശ്ശേരി പിതാവ് അച്ഛനെ കുരിശുപള്ളിയുടെ ചുമതലകൾ ഏൽപ്പിച്ചു അച്ഛൻ സ്വന്തം വീട്ടിൽ താമസിച്ചുകൊണ്ട് പണികൾക്ക് നേതൃത്യം നൽകി. കുരിശുപള്ളി, പള്ളിമുറി, കുശിനി, സിമിത്തേരി എന്നിവ പണിതുതീർത്തു തുടർന്ന് 1923-ൽ പാദുവാ സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. വിശുദ്ധ അന്തോണീസിന്റെ ജന്മസ്ഥലം ഇറ്റലിയിലെ പാദുവാ ആയിരുന്നതിനാൽ ഈ സ്ഥലത്തിനും പാദുവാ എന്ന് പേര് ലഭിച്ചു. മറ്റക്കരയിലെ 150 ഓളം വീട്ടുകാർ പാദുവാ ഇട വകാംഗങ്ങളായി.
സെന്റ് ആന്റണി ദേവാലയത്തിന് കിഴിലുള്ള ചാപ്പലുകൾ
സെന്റ് ആന്റണി കപ്പേള, പാദുവ
സെന്റ് ജോർജ് പള്ളി, മണ്ണൂർപള്ളി
വി.ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള മണ്ണൂർപ്പള്ളി, മറ്റക്കരയിലും സമീപപ്രദേശത്തുമുള്ള ക്നാനായ കത്തോലിക്കരുടെ നിശ്ചയദാർഢ്യത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായി രൂപപ്പെട്ടതാണ്. ഉദ്ദേശം 100 വർഷങ്ങൾക്കുമുമ്പ് ചേർപ്പുങ്കൽ, മാറിയിടം, പുന്നത്തുറ, കിടങ്ങൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് മെച്ചപ്പെട്ട ജീവിതമാർഗത്തിനായി, കുടിയേറിപ്പാർത്ത 21 കുടുംബങ്ങളാണ് ഈ ഇടവകയിലെ ആദ്യതലമുറക്കാർ. ഇവർ പുന്നത്തുറ പള്ളിയുടെ പരിധിക്കുള്ളിലായിരുന്നെങ്കിലും സൗകര്യാർത്ഥം അവരുടെ ആത്മീയാവശ്യങ്ങൾ നടത്തിയിരുന്നത് അന്നു ചങ്ങനാശ്ശേരി രൂപതയിലായിരുന്ന മറ്റക്കര തിരുക്കുടുംബ ദേവാലയത്തിലായിരുന്നു.
ആ അവസരത്തിൽ ചില നടപടികളിൽ അസ്വസ്ഥരായ ക്നാനായക്കാർ, അവരിൽ മുഖ്യനായിരുന്ന കോച്ചാംകുന്നേൽ മത്തായിമാപ്പിളയുടെ വസതിയിൽ സമ്മേളിച്ച് തങ്ങളുടെ പാരമ്പര്യവും തനിമയും സംരക്ഷിക്കുവാനായി സ്വന്തമായി ദേവാലയം ഉണ്ടാവണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അതിനായി ഒരപേക്ഷ തയ്യാറാക്കി 1918-ൽ അന്നത്തെ ക്‌നാനായ രൂപതാദ്ധ്യക്ഷൻ മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ സമക്ഷം സമർപ്പിച്ചു. കുടുംബങ്ങൾ കുറവായിരുന്നെങ്കിലും അവരുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച് മറ്റക്കരയിൽ ക്നാനായക്കാർക്കായി പള്ളി പണിയാൻ അനുവാദം നല്കി.
അന്നത്തെ കാലത്ത് സ്ഥലവിസ്‌തൃതിയും മറ്റു സൗകര്യവും കണക്കാക്കി കോച്ചാംകുന്നേൽ മത്തായി മാപ്പിളയുടെ സ്ഥലംതന്നെ പള്ളിക്കായി തിരഞ്ഞെടുത്തു. 1920-ൽ ബഹു. രാമച്ചനാട്ട് ജോസംച്ഛന്റെ നേത്യത്വത്തിൽ പള്ളിക്ക് കല്ലിട്ട്, താല്‌കാലികമായി നിർമ്മിച്ച ഷെഡിൽ പരിശുദ്ധ കുർബ്ബാന തുടങ്ങുകയും ചെയ്തു. പുന്നത്തും. തലപ്പള്ളിയിൽ നിന്നും അച്ചന്മാർ ഞായറാഴ്‌ചകളിൽ ഇവിടെ എത്തി ബലി അർപ്പിച്ചു പോന്നു.
സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടനുഭവിച്ചിരുന്നതിനാൽ ഏതാണ്ട് 9 വർഷങ്ങൾക്കുശേഷമാണ് രാമച്ചാട്ടച്ചന്റെ നേതൃത്വത്തിൽ പള്ളിപണി പൂർത്തിയാക്കി 1929-ൽ അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവ് കൂദാശ ചെയ്തത്. ബഹു. രാമച്ചനാട്ടച്ചന്റെ കാലത്തുതന്നെ സാമാന്യം വലുതായ ഒരു വൈദിക മന്ദിരവും പണിതു.
സെന്റ് ജോർജ് പള്ളിക്ക് കിഴിലുള്ള ചാപ്പലുകൾ
സെന്റ് ജോർജ് ചാപ്പല്‍, മണ്ണൂര്‍ പള്ളി
BUSES PASSING MATTAKKARA
BUS STOP : CHUVANNAPLAVU (600 m) | KOVUR PADI (300 m)
BUS TIMING NEAR TO INSTITUTE (BUS STOP - CHUVANAPLAVU OR KOVOOR PADI)
KOVUR PADI / CHUVANNAPLAVU
- ST. Thomas - 6:30 PM
- Beena - 7:15 AM
- Noel - 9:00 AM
- See Back - 9:30 AM
- ST. Thomas - 10:10 AM
- Beena - 11:15 AM
- ST. Thomas - 11:30 AM
- Noel - 1:35 PM
- See Back - 2:30 PM
- ST. Thomas - 2:45 PM
- Beena - 4:15 PM
- Noel - 5:20 PM
- See Back - 6:45 PM
- ST. Thomas - 7:40 PM
KOVUR PADI / CHUVANNAPLAVU
- Noel - 6:45 AM
- ST. Thomas - 7:30 AM
- ST. Thomas - 8:40 AM
- Beena - 8:50 AM
- Noel - 10:45 AM
- See Back - 11:15 AM
- ST. Thomas - 12:05 AM
- Beena - 1:15 PM
- Noel - 3:10 PM
- ST. Thomas - 3:30 PM
- ST. Thomas - 5:25 PM
- Beena - 5:50 PM
- Noel - 7:00 PM
- See Back - 7:20 AM
KOVUR PADI / CHUVANNAPLAVU
- Jeremiah - 10:45 AM
- Jeremiah - 3:45 PM